Chenthamara - Nenmara Murder Case: ചെന്താമരയ്‌ക്കെതിരെ ജനരോഷം; സഹികെട്ട് പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് പൊലീസ്, ലോക്കപ്പിനുള്ളില്‍ ഭക്ഷണം

രേണുക വേണു

ബുധന്‍, 29 ജനുവരി 2025 (09:03 IST)
Chenthamara - Nenmara Murder Case

Nenmara Murder Case - Chenthamara: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ചൊവ്വാഴ്ച രാത്രി 10 നു തിരുത്തന്‍പാടത്തെ വീടിനു സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. പോത്തുണ്ടി മലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വരുമ്പോഴായിരുന്നു അറസ്റ്റ്. ചൊവ്വാഴ്ച രാത്രി ചെന്താമരയെ പോത്തുണ്ടി മലയില്‍ കണ്ടതിനെ തുടര്‍ന്നാണ് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയത്. 
 
ചെന്താമരയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാര്‍ ചെന്താമരയെ ആക്രമിക്കാന്‍ ശ്രമിക്കുന്ന സാഹചര്യവും ഉണ്ടായി. നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലൂടെയാണ് പൊലീസ് ഏറെ സാഹസികമായി ചെന്താമരയെ സ്റ്റേഷനില്‍ എത്തിച്ചത്. പൊലീസ് ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് രണ്ട് പേരെയും കൊലപ്പെടുത്തിയതെന്ന് ഒരു കൂസലുമില്ലാതെ ചെന്താമര പറഞ്ഞു. വിശക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ പൊലീസ് പ്രതിക്ക് ഭക്ഷണം വാങ്ങി നല്‍കി. യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാതെയാണ് ചെന്താമര സ്റ്റേഷന്‍ ലോക്കപ്പില്‍ ഇരുന്ന് ഭക്ഷണം കഴിച്ചത്. 


പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചപ്പോഴുണ്ടായ ജനരോഷത്തെ പ്രതിരോധിക്കാന്‍ പൊലീസിനു ലാത്തി വീശേണ്ടിവന്നു. ജനം സ്റ്റേഷനിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഗത്യന്തരമില്ലാതെ പെപ്പര്‍ സ്‌പ്രേയും ഉപയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ അടികൊണ്ടിട്ടും സ്ഥലം വിടാതിരുന്നവരെ പിന്തിരിപ്പിക്കാനാണ് പൊലീസ് പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍