ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ ക്യാംപെയിൻ; ജിലു നാലാം പ്രതി, പി വി ഗംഗാധരൻ ഒന്നാം പ്രതി

വെള്ളി, 2 മാര്‍ച്ച് 2018 (10:41 IST)
വിവാദങ്ങൾ അവസാനിക്കാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച കവർഫോട്ടോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. 
 
ഇപ്പോഴിതാ, ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ക്യാംപയിനെതിരെ കേസുമായി അഭിഭാഷകന് രംഗത്തെത്തിയിരിക്കുന്നു‍. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് അഡ്വ. വിനോദ് മാത്യു വില്‍സനാണ് കേസ് നൽകിയിരിക്കുന്നത്. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് കോടതി ഫയലില്‍ സ്വീകരിച്ചു.
 
മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ പിവി ഗംഗാധരനാണ് ഒന്നാംപ്രതി. പി.വി ചന്ദ്രന്‍, എം.പി ഗോപിനാഥ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. നടിയും കവര്‍ചിത്രത്തിന്റെ മോഡലുമായ ജിലു ജോസഫാണ് നാലാം പ്രതി. കേസ് തെളിഞ്ഞാൽ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അഡ്വ. വിനോദ് മാത്യു വില്‍സന്‍ പറഞ്ഞു. 
 
നേരത്തെ ഇതേ വിഷയത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനിലും മനുഷ്യവകാശ കമ്മീഷനിലും പരാതി ലഭിച്ചിട്ടുണ്ട്. ഗൃഹലക്ഷ്മി എഡിറ്റര്‍, കവര്‍ മോഡല്‍ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ജിയാസ് ജമാലാണ് പരാതി നല്‍കിയിരിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍