നിന്നനില്‍പ്പില്‍ രണ്ടുപേര്‍ ഭൂമി പിളര്‍ന്ന് താഴേക്ക് പോയി, പുറകേ നാലുപേരും!!!

ബുധന്‍, 15 ഒക്‌ടോബര്‍ 2014 (12:44 IST)
ഊണുകഴിച്ചു കൊണ്ടിരിക്കേ ഇരുന്ന ഇരുപ്പില്‍ ആളുകള്‍ അപ്രത്യക്ഷമായി എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. ഇത് മുതുകാടിന്റെ മാജിക് പരിപാടിയല്ല. യഥാര്‍ഥത്തില്‍ സംഭവിച്ചതാണ്. നമ്മുടെ കോഴിക്കോട്ട് തന്നെ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍കായുള്ള കാന്റീനിലാണ് സംഭവം അരങ്ങേറിയത്.

ഭക്ഷണം വിളമ്പാനായി മേശക്കരുകിലേക്ക് നടന്നു നീങ്ങിയ കന്റീന്‍ ജീവനക്കാരായ വെള്ളന്നൂര്‍ ആശാരിക്കണ്ടി മീത്തല്‍ ശാന്ത, കുന്നമംഗലം താഴേ കണ്ണഞ്ചേരി മോഹനന്‍ എന്നിവരാണ് നിന്നനില്‍പ്പില്‍ ഭൂമി പിളര്‍ന്ന് താഴേയ്ക്ക് പോയത്. രംഗം കണ്ടതോടെ കന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ ഭയന്ന് നിലവിളിച്ച് കന്റീനു പുറത്തുചാടി.

കുഴിയില്‍ വീണ ശാന്തയേയും മോഹനനേയും കുഴിയില്‍ നിന്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടുതല്‍ ഭാഗം ഇടിഞ്ഞുവീണ് രക്ഷിക്കാന്‍ ശ്രമിച്ചവരും കുഴിയിലായി. പാലത്ത് മാരമ്പറമ്പത്ത് പ്രേമലത, മാനന്തവാടി ഹരിപ്രിയം വീട്ടില്‍ ജയപ്രകാശ്, ഒമശേരി കോല്‍ക്കുന്ന് വീട്ടില്‍ ഹരീഷ്,  മൊകവൂര്‍ കൃഷ്ണപുരിയില്‍ പ്രേജിത്ത് എന്നിവരാണ് രണ്ടാമത് കുഴിയില്‍ പെട്ടത്.

വീണവരുടെ അരയോളം മണ്ണു കൊണ്ടു മൂടിയെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. എട്ടടിയോളം ആഴത്തിലും ഏഴടിയോളം നീളത്തിലും അഞ്ചടിയോളം വീതിയിലുമാണു കുഴി രൂപപ്പെട്ടത്. കെട്ടിടം പണിതത് ഓവുചാലിന് മുകളില്‍ മുന്‍പ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന സ്ഥലം മണ്ണിട്ടു നികത്തിയാണ് താല്‍ക്കാലിക കന്റീന്‍ പണിതത്. കാര്യമായ അടിത്തറയോ കോണ്‍ക്രീറ്റ് തറയോ തയ്യാറാക്കാത്തതിനാലാണ് ഇടിഞ്ഞു താണതെന്ന് സിവില്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ പറഞ്ഞു.

ഫയര്‍ ഫോഴ്സ് എത്തി കൂടുതല്‍ മണ്ണിടിച്ചു നോക്കിയപ്പോള്‍ ഉള്ളില്‍ ഉപേക്ഷിച്ച കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റ്റും അഴുക്കുചാലിന്റെ പാതയും കണ്ടെത്തി. കൂടുതല്‍ ഭാഗം ഇടിയാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കന്റീന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിട്ടുണ്ട്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കി വൈകിട്ടോടെ വിട്ടയക്കുകയും ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക