ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിനു മുകളിലേക്കു മരം വീണു; അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
വെള്ളി, 26 ജൂണ്‍ 2015 (18:23 IST)
കോതമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിനു മുകളിലേക്കു മരം വീണുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. കോതമംഗലം നെല്ലിമറ്റം കോളിപ്പടിക്കു സമീപമാണു സംഭവം നടന്നത്. വിദ്യാവികാസ് സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 7 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വൈകിട്ട് നാലേമുക്കാലിനാണ് അപകടം നടന്നത്.
കൃഷ്ണേന്ദു(5), ജോഹന്‍ ജോസ്(13), അമീന്‍(9), ഇഷ സാറ എല്‍ദോ, ഗൌരി എന്നീ കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ തിരികെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നത്. സംഭവമുണ്ടായപ്പോള്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും നാല് യൂണിറ്റ് ഫയര്‍ ഫോഴ് എത്തി നാട്ടുകാരോടൊപ്പം മണിക്കൂറോളം പരിശ്രമിച്ചാണ് കുട്ടികളെ പുറത്തെടുത്തത്.
വിദ്യാര്‍ഥികള്‍ക്കെല്ലാം തല്യ്ക്കും മുഖത്തിനുമാണ് പരിക്ക്. പരിക്കേറ്റ വിദ്യാര്‍ഥികളെയെല്ലാം കോതമംഗലം ബസേലിയോസ് ആശുപത്രിയിലും സെന്റ് ജോസഫ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും ഉള്ള സമയത്താണ് ബസിനുമുകളിലേക്ക് മരം വീണത്. ബസിന്റെ മുന്‍ഭാഗവും നടുഭാഗവും തകര്‍ത്താണ് മരം വീണത്. ബസിന്റെ നടുഭാഗം താഴേക്ക് അമര്‍ന്നു പോയിരുന്നു.
വളരെ വലിയ മരമാണ് ബസിനു മകളിലേക്ക് വീണത്. അതിനാലാണ് അടുത്ത് ആശുപത്രി ഉണ്ടായിട്ടുകൂടി കുട്ടികളെ രക്ഷിക്കാന്‍ സാധിക്കാതെ വന്നത്. 12 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. വഴിയോരത്ത് അപകടകരമായി നിന്നിരുന്ന മരമാണ് ഇന്ന് കുട്ടികളുടെ ജീവനപഹരിച്ചത്.
മരിച്ച അഞ്ചു കുട്ടികളും മരത്തിന്റെ അടിയിൽപ്പെട്ടവരാണ് എന്നാണ് റിപ്പോർട്ട്. മറ്റു കുട്ടികളെ പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു. അപകടകരമായ രീതിയിൽ നിന്നിരുന്ന മരം മുറിച്ചുമാറ്റണമെന്ന് നേരെത്തെ ആവശ്യപ്പെട്ടിരുന്നതായി സ്ഥലം എംഎൽഎ ടി.യു. കുരുവിള അറിയിച്ചു. എന്നാൽ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ഇതാണ് അപകടത്തിന് കാരണമായത് എന്നും അദ്ദേഹം പറഞ്ഞു.