വി എസിന് ഓര്‍മ്മക്കുറവുണ്ട്; മുഖ്യമന്ത്രിയാകേണ്ടത് കരുത്തനായ പിണറായി വിജയന്‍; ബിഡിജെഎസ് വളര്‍ന്നാല്‍ തളരുന്നത് യുഡിഎഫ് എന്നും വെള്ളാപ്പള്ളി നടേശന്‍

വെള്ളി, 27 മെയ് 2016 (11:37 IST)
നിലപാടുകളും സമീപനങ്ങളും മാറ്റി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കരുത്തനായ പിണറായി വിജയന്‍ തന്നെയാണ് മുഖ്യമന്ത്രിയാകേണ്ടത് വെള്ളാപ്പള്ളി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി പുതിയ സര്‍ക്കാരിനോടുള്ള തന്റെ നയം വ്യക്തമാക്കിയത്.
 
കരുത്തനായ പിണറായി വിജയന്‍ തന്നെയാണ് മുഖ്യമന്ത്രിയാകേണ്ടത്. മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദന് മറവിരോഗമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ബി ഡി ജെ എസ് വളര്‍ന്നാല്‍ തളരുന്നത് യു ഡി എഫ് ആണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
 
മലമ്പുഴയില്‍ വി എസിന് വോട്ടു കുറയുമെന്ന് പറഞ്ഞത് സത്യമായി. കഴിഞ്ഞതവണ ആകെ പോള്‍ ചെയ്തതിന്റെ 57 ശതമാനം ലഭിച്ചിരുന്നു. എന്നാല്‍, ഇത്തവണ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനത്തില്‍ താഴെയാണ് വി എസിന് ലഭിച്ചത്.
 
പണ്ടു നടന്ന കാര്യങ്ങളെക്കുറിച്ച് നല്ല ഓര്‍മ്മയുള്ള വി എസിന് വര്‍ത്തമാന കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മക്കുറവുണ്ട്. പരസഹായമില്ലാതെ നടക്കാന്‍ പറ്റില്ല. അതുകൊണ്ടു തന്നെ കരുത്തനായ പിണറായി വിജയന്‍ മുഖ്യമന്ത്രി ആകുന്നതാണ് നല്ലത്. തനിക്കെതിരെ  സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തെ ഭയക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
ബി ഡി ജെ എസ് ഉള്ളതു കൊണ്ടാണ് എല്‍ ഡി എഫിന് 91 സീറ്റ് ലഭിച്ചത്. ബി ഡി ജെ എസ് വളരുമ്പോള്‍ തളരുന്നത് യു ഡി എഫ് ആണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി ഡി ജെ എസ് മാത്രമാണ് തന്നെ വിളിച്ചത്.
മറ്റു പാര്‍ട്ടികള്‍ വിളിച്ചില്ല. മറ്റു പാര്‍ട്ടികള്‍ വിളിച്ചിരുന്നെങ്കില്‍ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക