“മാണി നുണപരിശോധനയ്‌ക്ക് തയ്യാറായാല്‍ പ്രതിഷേധം അവസാനിപ്പിക്കാം”

തിങ്കള്‍, 8 ജൂണ്‍ 2015 (11:30 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍‌മാനും ധനമന്ത്രിയുമായ കെഎം മാണി നുണപരിശോധനയ്‌ക്ക് തയ്യാറായാല്‍ പ്രതിപക്ഷം ബാര്‍ കോഴയിലെ പ്രതിഷേധം അവസാനിപ്പിക്കാമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. കോഴ വാങ്ങിയ മാണിയെ നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
ബാര്‍കോഴയിലെ നിയമോപദേശം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ നിയമോപദേശകര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നുവെന്നും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. അതേസമയം, കേസില്‍ അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. അന്വേഷണറിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കോടതിക്ക് കൈമാറും. നിയമോപദേശം നിമയവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
 
എന്നാല്‍ ബാര്‍കോഴയുമായി ബന്ധപ്പെട്ടുള്ള കോടിയേരിയുടെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ബാര്‍ കോഴ എന്നായിരുന്നു മന്ത്രി കെ ബാബു പറഞ്ഞു. ഇതേ തുടര്‍ന്ന്  വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
 

വെബ്ദുനിയ വായിക്കുക