ബാര്‍ കോഴയ്‌ക്ക് പിന്നില്‍ യുഡിഎഫിലെ പ്രമുഖര്‍; താന്‍ ഇടതു മുന്നണിയിലേക്ക് പോകുമെന്ന് ഇവര്‍ ഭയപ്പെട്ടിരുന്നു, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ബിജു രമേശിന് മാന്യതയുണ്ടാക്കിക്കൊടുത്തു - തുറന്നു പറഞ്ഞ് മാണി

വെള്ളി, 1 ജൂലൈ 2016 (14:13 IST)
ബാര്‍ കോഴക്കേസില്‍ ഗൂഢാലോചന നടന്നുവെന്ന് കേരളാ കോൺഗ്രസ് (എം) നേതാവും എംഎല്‍എയുമായ കെഎം മാണി. താന്‍ ഇടതു മുന്നണിയിലേക്ക് പോകുമെന്ന് യുഡിഎഫിലെ ചിലര്‍ സംശയിച്ചിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ യുഡിഎഫ് പാളയത്തില്‍ നിന്നും ചിലര്‍ ബിജു രമേശിലൂടെ ബാര്‍ കോഴ ആരോപണം പുറത്തു വിടുകയായിരുന്നുവെന്നും മാണി പറഞ്ഞു.

യുഡിഎഫിൽ തന്നെ തളച്ചിടുകയെന്ന താല്‍പ്പര്യം ചിലര്‍ക്ക് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ബാര്‍ കോഴ ആരോപണം പുറത്തുവന്നത്. ഇതിന് പിന്നില്‍ ആരെന്നും വ്യക്തമാണെങ്കിലും മാന്യതകൊണ്ട് പുറത്തു പറയാന്‍ ഉദ്ദേശിക്കുന്നില്ല. രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനാല്‍ ഇവയൊന്നും തുറന്നു പറയാന്‍ സാധിക്കില്ല. മറ്റുചിലരെ വേദനിപ്പിക്കുമെന്നുള്ളതിനാലാണ് പറയാതിരിക്കുന്നതെന്നും മാണി പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തെക്കുറിച്ച് ജനത്തിന് വ്യക്തമായി അറിയാം. ഇതിനാല്‍ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ അറിയാമെന്നും മാണി വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത് ശരിയായില്ല. ബിജുവിന് മാന്യതയുണ്ടാക്കിക്കൊടുക്കാന്‍ മാത്രമെ ഈ നടപടിയിലൂടെ സാധിച്ചിട്ടുള്ളൂ. മുന്‍ സര്‍ക്കാരിനെ നിരന്തരം അപമാനിച്ചയാളാണ് ബിജു. കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ പറഞ്ഞതിൽ കഴമ്പുണ്ട്. തള്ളിക്കളയാൻ സാധിക്കില്ലെന്നും മാണി പറഞ്ഞു.

മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വെ’യിയില്‍ സംസാരിക്കുകയായിരുന്നു കെഎം മാണി.

വെബ്ദുനിയ വായിക്കുക