ചെന്നിത്തല കൊളുത്തിയ ബോംബ് യുഡിഎഫില്‍ പൊട്ടിത്തെറിച്ചു; ബാര്‍ ‘വാറി’ല്‍ മാനം പോകുന്നതാര്‍ക്ക് ?

ചൊവ്വ, 16 ഓഗസ്റ്റ് 2016 (19:25 IST)
പടലപ്പിണക്കങ്ങളുടെയും വിവാദങ്ങളുടെയും ചുഴിയില്‍ വീണ് മാനം പോയ യുഡിഎഫില്‍ വീണ്ടും ബാർ വിഷയത്തിൽ തർക്കം. പ്രധാന ഘടകക്ഷികളില്‍ ഒന്നായ കേരളാ കോണ്‍ഗ്രസ് (എം‌) മുന്നണി വിട്ടതോടെ നട്ടെല്ലൊടിഞ്ഞ കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മദ്യനയത്തില്‍ നടത്തിയ പ്രസ്‌താവനയാണ് യുഡിഎഫിനെ വിവാദത്തിലേക്ക് തള്ളിവിട്ടത്.

യുഡിഎഫ് സർക്കാരിന്റെ മദ്യനയം നിയസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്‌തില്ല. വിഷയത്തില്‍ പാർട്ടി തിരുത്തൽ ആലോചിക്കണം. ഇക്കാര്യം ചർച്ചയ്‌ക്ക് വരുമ്പോള്‍ തന്റെ നിലപാട് പാർട്ടിയെ അറിയിക്കുമെന്നുമാണ് ചെന്നിത്തല വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുസ്ലിം ലീഗും രംഗത്തുവന്നു. ചെന്നിത്തലയുടെ അഭിപ്രായത്തെ തള്ളി ടിഎൻ പ്രതാപനും രംഗത്തുവന്നതോടെ ഒരിടവേളയ്ക്ക് ശേഷം യുഡിഎഫിൽ വീണ്ടും ബാർ വിഷയത്തിൽ തർക്കം രൂക്ഷമായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ തോല്‍വിക്ക് കാരണം മദ്യനയമല്ലെന്നും അഴിമതിയാണ് തോല്‍‌വിക്ക് കാരണമായതെന്നുമാണ് കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കിയത്.

യുഡിഎഫ് സർക്കാരിന്റെ മദ്യനയം പരാജയപ്പെട്ടതാണെന്നും തിരുത്തുമെന്നും എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചെന്നിത്തലയുടെ അഭിപ്രായമെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന്  വ്യക്തമായതിന് പിന്നാലെ പ്രതിഷേധത്തിന് ഒരുങ്ങുന്ന പ്രതിപക്ഷത്തെ വെട്ടിലാക്കുന്നതായിരുന്നു ചെന്നിത്തലയുടെ പ്രസ്‌താവന. ഇതോടെ കെ പി സി സി പ്രസിഡന്റും സമ്മര്‍ദ്ദത്തിലായി. അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൌനം പാലിക്കുകയാണ്.

ചെന്നിത്തലയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് മന്ത്രിമാരായ എസി മൊയ്തീനും ടിപി രാമകൃഷ്ണനും രംഗത്തുവന്നു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് കളിയുടെയും അഴിമതിയുടെയും ഭാഗമായാണ് യുഡിഎഫ് സർക്കാർ മദ്യനയം പ്രഖ്യാപിച്ചതെന്നും ഇതിന്റെ തിരിച്ചടികൾ പ്രതിപക്ഷ നേതാവ് തിരിച്ചറിഞ്ഞതിനെ സ്വാഗതം ചെയ്യുന്നുവെന്നും ടൂറിസം മന്ത്രി എസി മൊയ്തീൻ പ്രതികരിച്ചു.

ഇതോടെയാണ് ഇടവേളയ്‌ക്ക് ശേഷം യുഡിഎഫില്‍ ബാര്‍ വിഷയം തലപൊക്കിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുക എന്ന ലക്ഷ്യം ഇതോടെ തകരുമെന്ന് വ്യക്തമായി. യുഡിഎഫിലെ പ്രമുഖന്‍ തന്നെ മദ്യനയത്തെ തള്ളിപ്പറഞ്ഞതോടെ അപ്രതീക്ഷിതമായി ലഭിച്ച സാഹചര്യത്തിന്റെ സന്തോഷത്തിലാണ് സര്‍ക്കാര്‍.

വെബ്ദുനിയ വായിക്കുക