Balamani Amma: മാതൃത്വത്തിൻ്റെ കവയിത്രിയുടെ 113-ാം ജന്മവാർഷികം, ആദരവ് പങ്കുവെച്ച് ഗൂഗിൾ ഡൂഡിൽ

ചൊവ്വ, 19 ജൂലൈ 2022 (13:19 IST)
മലയാളത്തിലെ പ്രശസ്തയായ കവയിത്രി ബാലാമണിയമ്മയുടെ 113-ാം ജന്മവാർഷിക ദിനത്തിൽ ആദരവ് പങ്കുവെച്ച് ഗൂഗിൾ. തൻ്റെ കവിതകളിലൂടെയും കഥകളിലൂടെയും മലയാളത്തിൻ്റെ അഭിമാനമായ ബാലമണിയമ്മ മാതൃത്വത്തിൻ്റെ കവയിത്രി എന്നാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിൽ നിന്നുള്ള കലാകാരിയായ ദേവിക രാമചന്ദ്രനാണ് ഇന്നത്തെ ഡൂഡിൽ ചിത്രീകരിച്ചത്.
 
തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്തെ നാലപ്പാട്ടുവീട്ടിൽ 1909 ജൂലൈ 19നായിരുന്നു ബാലാമണിയമ്മയുടെ ജനനം. മാതൃഭൂമി മാനേജിങ് ഡയറക്ടറും എഡിറ്ററുമായിരുന്ന വിഎം നായരെയാണ് വിവാഹം ചെയ്തത്. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ മകളാണ്. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ബാലാമണിയമ്മയെ പഠിപ്പിച്ചത് മലയാള കവി കൂടിയായ അമ്മാവൻ നാലപ്പാട്ട് നാരായണ മേനോനാണ്. രാജ്യത്തിൻ്റെ ഏറ്റവും ആദരണീയമായ സാഹിത്യ സമ്മാനമായ സരസ്വതി സമ്മാൻ, ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത സിവിലിയൻ പുരസ്കാരമാായ പത്മവിഭൂഷൺ എന്നിവയുൾപ്പടെ എണ്ണമറ്റ പുരസ്കാരങ്ങൾ ബാലമണിയമ്മ നേടിയിട്ടുണ്ട്.
 
ചെറുപ്പം മുതലെ കവിതകളെഴുതിയിരുന്ന ബാലമണിയമ്മയുടെ ആദ്യ കവിത കൂപ്പുകൈ ഇറങ്ങുന്നത് 1930ലാണ്. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവുമായിരുന്നു ബാലമണിയമ്മയുടെ കവിതകളിൽ മുന്നിട്ട് നിന്നിരുന്നത്. അഞ്ച് വർഷത്തോളം അൽഷിമേഴ്സ് രോഗത്തിൻ്റെ പിടിയിലായിരുന്ന ബാലാമണിയമ്മ അന്തരിക്കുന്നത് 2004 സെപ്റ്റംബർ 29നായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍