യുഡി‌എഫില്‍ ജാതി - മത വിവേചനം, പുറത്ത്‌പോകേണ്ടത് എന്റെ ആവശ്യം: ബാലകൃഷ്ണ പിള്ള

ബുധന്‍, 11 മാര്‍ച്ച് 2015 (15:34 IST)
കേരളാ കോണ്‍ഗ്രസ് (ബി) യുഡിഎഫ് വിട്ടതായി പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള അറിയിച്ചു. കേരളാ കോണ്‍ഗ്രസ് (ബി) സാങ്കേതികമായി മാത്രമാണ് യു.ഡി.എഫില്‍ ഉള്ളതെന്ന് മൂന്ന് ദിവസം മുന്പ് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ നടത്തിയ പ്രസ്താവനയോടു കൂടി മുന്നണിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു. സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തിനൊപ്പമായിരിക്കും ഇനി പാര്‍ട്ടി നില്‍ക്കുകയെന്നും പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  
 
അതേസമയം നിയമസഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താന്‍ നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി അയിഷാ പോറ്റിയെ കേരളാ കോണ്‍ഗ്രസ്(ബി) പിന്തുണയ്ക്കുമെന്നും  അഴിമതി ചൂണ്ടിക്കാട്ടിയതിനാണ് യു.ഡി.എഫ് തന്നെയും ഗണേശ് കുമാറിനെയും ക്രൂശിക്കുന്നത്.  അതിന്റെ പേരിലാണെങ്കിന്‍ യുഡിഎഫ് തന്നെ പുറത്താക്കട്ടെ. പുറത്താക്കിയാല്‍ മന്ത്രിമാര്‍ക്കെതിരെയുള്ള കൂടുതന്‍ തെളിവുകള്‍ പുറത്തുവിടും. ജനങ്ങളുടെ നന്മയല്ല, ധനസന്പാദനം മാത്രമാണ് മന്ത്രിസഭയിലെ ചിലരുടെ ലക്ഷ്യമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. 
 
അതിനിടെ യുഡി‌എഫില്‍ നിന്ന് പുറത്താക്കണമെന്നത് തന്റെ ആവശ്യമായിരുന്നെന്നും ഇനി കാത്തു നില്‍ക്കാനില്ലെന്നും ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തില്‍ ബാലകൃഷ്ണപിള്ള പിന്നീട് പറഞ്ഞു. യുഡി‌എഫില്‍ ഇപ്പോഴുള്ളത് ജാതി വിവേചനമാണെന്നും, ജാതിയും മതവും നോക്കിയാണ് യുഡി‌എഫില്‍ കാര്യങ്ങള്‍ തീരുമാനിക്കുനതെന്നും പിള്ള പറഞ്ഞു. അഴിമതി പുറത്തു പറഞ്ഞതിനാലാണ് തന്നെ പുറത്താക്കുന്നതെന്നും എന്നാല്‍ പി‌സി ജോര്‍ജ് പറഞ്ഞതിന്റെ പകുതിപോലും താന്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. തന്നൊടും ജോര്‍ജിനൊടുമുള്ള സമീപനം നോക്കിയാല്‍ അറിയാം ഇവരുടെ മനസിലിരുപ്പെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
 
അതേസമയം ജോര്‍ജും ഞാനും രണ്ട് രക്തമാണെന്നും യുഡി‌എഫ് ഉണ്ടാക്കാന്‍ ഏറെ കഷ്ടപ്പെട്ട ആളാണ് താനെന്നും പറഞ്ഞ പിള്ള എല്‍‌ഡി‌എഫിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നും പറഞ്ഞു. പാര്‍ട്ടിയുടെ മേഖലാ സമ്മേളനങ്ങള്‍ കഴിയുമ്പോഴേക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും പിള്ള അറിയിച്ചു. ആയിഷ പോറ്റിയ്ക്ക് വോട്ട് ചെയ്യുന്നതിന്‍ ആരും നന്ദിപറഞ്ഞിട്ടില്ലെങ്കിലും അതൊന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇക്കാര്യങ്ങളൊക്കെ എല്ലാവരും ഓര്‍ത്താല്‍ നന്നായിരിക്കുമെന്നും പിള്ള അറിയിച്ചു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക