പട്ടാപ്പകൽ യുവതിയെയും മാതാവിനെയും അപമാനിച്ച സഹോദരങ്ങൾ പിടിയിൽ
പരവൂർ: പട്ടാപ്പകൽ നടുറോഡിൽ പരസ്യമായി യുവതിയെയും മാതാവിനെയും അപമാനിച്ച സഹോദരങ്ങൾ പിടിയിലായി. ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവതിയുടെ പിതാവിനെ ഉപദ്രവിക്കുകയും ചെയ്തു. പൂതക്കുളം ഇടയാടി രാജു ഭവനിൽ അമൽ എന്ന സുജിത് (24), സഹോദരൻ അഖിൽ (23) എന്നിവരാണ് അറസ്റ്റിലായത്.
റോഡിലൂടെ യുവതിയും മാതാവും നടന്നുപ്പോയപ്പോൾ യുവാക്കൾ അശ്ലീലം സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത മാതാവിനെയും യുവതിയെയും ആക്രമിക്കുകയും ചെയ്തു. ഇത് കണ്ട് തടയാൻ ശ്രമിച്ച യുവതിയുടെ പിതാവിനെ മർദ്ദിക്കുകയും ചെയ്തു. ഇത് കണ്ട നാട്ടുകാർ ഓടിക്കൂട്ടിയപ്പോൾ യുവാക്കൾ ഓടിരക്ഷപ്പെട്ടു.
യുവതിയും കുടുംബവും പരവൂർ പോലീസിൽ നൽകിയ പരാതിയിൽ ഇടയാടിയിൽ നിന്ന് പോലീസ് യുവാക്കളെ പിടികൂടി. ഇൻസ്‌പെക്ടർ നിസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.