വീട് കയറി ആക്രമണം: 8 പേര്‍ അറസ്റ്റില്‍

ചൊവ്വ, 23 ജൂണ്‍ 2015 (18:57 IST)
അര്‍ദ്ധരാത്രി വീടുകയറി ആക്രമണം നടത്തിയ 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഊരൂട്ടമ്പലം ബി.എസ്.ഭവനില്‍ ഗ്ലാഡ്സ്റ്റണ്‍, ഇദ്ദേഹത്തിന്‍റെ മക്കളായ ബൈജു (26), ഷൈജു (24), അയല്‍വാസി ജിജോ (23) എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച വീടുകയറി 14 അംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇതില്‍പ്പെട്ട 8 പേരാണ് മാറനല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്.
 
മദ്യലഹരിയില്‍ വീട്ടിനു മുന്നിലെത്തി അസഭ്യം പറഞ്ഞ രണ്ടു പേരെ ചോദ്യം ചെയ്തതാണു ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ഏഴു ബൈക്കുകളിലായാണ് 14 പേര്‍ ആക്രമണം നടത്താനെത്തിയത്. ഗ്ലാഡ്സ്റ്റണും മറ്റുള്ളവരും ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.
 
ഗ്ലാഡ്സ്റ്റണിന്‍റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.ഡി ക്യാമറയില്‍ പതിഞ്ഞ ആക്രമണ ദൃശ്യങ്ങളില്‍ നിന്നാണ് മാറനല്ലൂര്‍ എസ്.ഐ ചന്ദ്രസേനനും കൂട്ടരും പ്രതികളെ തിരിച്ചറിഞ്ഞതും തുടര്‍ന്ന് അറസ്റ്റ് ചെയ്തതും. മറ്റു പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക