എടിഎം തകരാര്‍: യുവാവിന് 9,000 രൂപ നഷ്ടമായി, തിരിച്ചുകിട്ടിയത് 36,500 രൂപ ! സംഭവം കോഴിക്കോട്
എടിഎം തകരാര്‍ കാരണം നിങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടോ ? ഇങ്ങനെ പണം നഷ്ടപ്പെട്ടാല്‍ നമ്മള്‍ ആദ്യം ചെയ്യുക ബാങ്കിനെ സമീപിക്കുകയാണ്. ബാങ്ക് തന്നെ പ്രശ്‌നം പരിഹരിക്കുകയാണ് പതിവ്. എന്നാല്‍, എടിഎം തകരാര്‍ കാരണം നഷ്ടപ്പെട്ട തുകയുടെ രണ്ടിരട്ടി തിരിച്ചുകിട്ടിയ അനുഭവം നമുക്കൊന്നും ഉണ്ടായിക്കാണില്ല. അതിശയിക്കേണ്ട, അങ്ങനെയൊരു സംഭവം നടന്നു. വേറെ എവിടെയുമല്ല കേരളത്തില്‍ തന്നെ ! എടിഎം തകരാര്‍ മൂലം 9,000 രൂപ നഷ്ടപ്പെട്ട യുവാവിന് ബാങ്ക് അധികൃതര്‍ 36,500 രൂപ തിരിച്ചുനല്‍കി.
മെഷീന്‍ തകരാര്‍ മൂലം 9,000 രൂപ നഷ്ടപ്പെട്ടയാള്‍ക്ക് ഓംബുഡ്‌സ്മാന്‍ ഇടപെട്ടാണ് 36,500 രൂപ തിരിച്ചുനല്‍കിയത്. 27,500 രൂപയാണ് നഷ്ടപരിഹാരമായി ബാങ്ക് നല്‍കിയത്.
2020 നവംബറിലായിരുന്നു സംഭവം. കോഴിക്കോട് കുറ്റ്യാടിയിലെ സര്‍ക്കാര്‍ ആശുപത്രിയ്ക്ക് സമീപമുള്ള സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് യുവാവ് പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്. മെഷീന്‍ തകരാര്‍ മൂലം പണം കിട്ടിയില്ല. എന്നാല്‍, 9,000 രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമായതായി യുവാവിന് മൊബൈല്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് ഇയാള്‍ ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെട്ടെങ്കിലും അധികൃതര്‍ ഹെല്‍പ്പ്‌ലൈനില്‍ പറയാന്‍ നിര്‍ദേശിക്കുകയായിരുന്നു. നിരന്തരമായി ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഇയാള്‍ക്ക് പിന്നാലെ എടിഎമ്മിലെത്തിയ വ്യക്തി പണം എടുത്തിട്ടുണ്ടാകും എന്നായിരുന്നു ബാങ്ക് നല്‍കിയ വിശദീകരണം.
തുടര്‍ന്നാണ് യുവാവ് റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ വെബ്‌സൈറ്റ് വഴി പരാതി നല്‍കിയത്. ഇതോടെ ഇടപാടുകാരന് നഷ്ടപ്പെട്ട തുകയും ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ 27,500 രൂപ നഷ്ടപരിഹാരവും അടക്കം 36,500 രൂപ നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ വിധിച്ചു.