നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; വോട്ടര്‍മാര്‍ 2,67,31,509 പേര്‍

ശ്രീനു എസ്

വ്യാഴം, 21 ജനുവരി 2021 (19:00 IST)
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 2,67,31,509 വോട്ടര്‍മാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടികയില്‍ 2,63,08,087 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍നിന്ന് ഇരട്ടിപ്പ്, മരിച്ചവര്‍, താമസം മാറിയവര്‍ തുടങ്ങി 1,56,413 പേരെ ഒഴിവാക്കി. പുതുതായി 5,79,835 പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
പുതുക്കിയ പട്ടികയില്‍ 1,37,79,263 സ്ത്രീ വോട്ടര്‍മാരും 1,29,52,025 പുരുഷവോട്ടര്‍മാരും 221 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറമാണ്- 3,21,49,43 പേര്‍. കുറവ് വോട്ടര്‍മാരുള്ള ജില്ല വയനാടാണ്- 6,07,068 പേര്‍. കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ലയും മലപ്പുറമാണ്- 16,07,004 പേര്‍. കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുള്ളത് തിരുവനന്തപുരത്താണ്- 57 പേര്‍. 2020 ലെ വോട്ടര്‍പട്ടികപ്രകാരം ജനസംഖ്യയുടെ 75.73 ശതമാനമായിരുന്നു വോട്ടര്‍മാര്‍. ഇത്തവണ അത് 76.55 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
 
80 വയസിനു മുകളില്‍ പ്രായമുള്ള 6,21,401 വോട്ടര്‍മാരുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1,33,005 പേര്‍ വോട്ടര്‍പട്ടികയിലുണ്ട്. 56,759 സര്‍വീസ് വോട്ടര്‍മാരും 90,709 എന്‍.ആര്‍.ഐ വോട്ടര്‍മാരുമാണ് പുതുക്കിയ പട്ടികയിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍