കൃഷ്ണപിള്ള സ്മാരകം; പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു- എഎ ഷുക്കൂര്‍

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (09:34 IST)
സിപിഎം നേതാക്കളുടെ ഫോണ്‍രേഖ പരിശോധിച്ചാല്‍ കണ്ണര്‍കാട് കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തിന് പ്രവര്‍ത്തിച്ചത് ആരാണെന്ന് വ്യക്തമാകുമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍. സംഭവംനടന്ന് ഒന്നേമുക്കാല്‍ വര്‍ഷമായിട്ടും കേസ് എങ്ങും എത്തിയിട്ടില്ല. കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ പൊലീസ് തന്നെ ശ്രമിക്കുന്നതിന്റെ തെളിവാണ് അന്വേഷണം നീളാന്‍  കാരണമെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണപിള്ള സ്മാരകം കത്തിച്ച ദിവസം ഒരു സിപിഎം നേതാവിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. അത് കിട്ടിയത് പോലീസിന്റെ കൈയിലാണ്. എന്നാല്‍ ആ തെളിവ് പൊലീസ് മറച്ചുവെച്ചു. ആ ഫോണ്‍ പരിശേധിച്ചാല്‍ മാത്രം മതി സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിയുമെന്നും എഎ ഷുക്കൂര്‍ പറഞ്ഞു. കേസ് അട്ടിമറിക്കപ്പെടുകയാണ്. സംഭവംനടന്ന് ഒന്നേമുക്കാല്‍ വര്‍ഷം പിന്നിട്ടിട്ടും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിയാത്തത് കേസ് അട്ടിമറിച്ചുവെന്ന് വ്യക്തമാക്കുകയാണെന്നും ആലപ്പുഴ ഡിസിസി പ്രസിഡന്റ് പറഞ്ഞു.

2013 ഒക്ടോബര്‍ 30ന് അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ടത്. സംഭവത്തിന് സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

വെബ്ദുനിയ വായിക്കുക