ആക്കുളം: നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഓണത്തിന്‌ മുന്‍പ്‌ പൂര്‍ത്തിയാക്കും

തിങ്കള്‍, 26 മെയ് 2014 (14:04 IST)
ആക്കുളം ടൂറിസ്റ്റ്‌ വില്ലേജില്‍ നടന്നുവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, എന്‍എച്ച്‌ ബൈപാസ്‌ റോഡിന്റെ നിര്‍മ്മാണതടസ്സം എന്നിവ നീക്കി ഓണത്തിനു മുന്‍പ്‌ കമ്മീഷന്‍ ചെയ്യാന്‍ തീരുമാനം. ആക്കുളം ടൂറിസ്റ്റ്‌ വില്ലേജ്‌, ആക്കുളം കായല്‍, ഉളളൂര്‍ ആക്കുളം റോഡ്‌ എന്നിവയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‌ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഇത്‌ സംബന്ധിച്ച്‌ തീരുമാനമായത്‌.

ആക്കുളം കായലിലെ ശുദ്ധീകരണപ്രവര്‍ത്തനങ്ങളോടനുബന്ധിച്ച്‌ വേളി, ആമയിഴഞ്ചാന്‍, പാര്‍വതിപുത്തനാര്‍ എന്നിവയും നവീകരിക്കാന്‍ സമഗ്രപദ്ധതി ആവിഷ്‌കരിക്കാന്‍ യോഗം ശുപാര്‍ശ ചെയ്‌തു. ആക്കുളം ടൂറിസ്റ്റ്‌ വില്ലേജിനോടനുബന്ധിച്ച്‌ കണ്‍വെന്‍ഷന്‍ സെന്റര്‍, സ്വിമ്മിങ്‌പൂള്‍, സ്‌പാ എന്നിവ നിര്‍മ്മിക്കുന്നതിനുളള സാധ്യത പരിശോധിക്കാന്‍ ജില്ലാ കളക്‌ടറെ യോഗം ചുമതലപ്പെടുത്തി.

ആക്കുളം കായലില്‍ സമീപപ്രദേശങ്ങളില്‍ നിന്നും വരുന്ന മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതിനെക്കുറിച്ചും യോഗം ആശങ്ക പ്രകടിപ്പിച്ചു. എംഎ വാഹിദ്‌ എംഎല്‍എ പ്രദേശത്തെ കൗണ്‍സിലര്‍മാര്‍, ബന്ധപ്പെട്ട വകുപ്പുദ്യോയാഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

വെബ്ദുനിയ വായിക്കുക