ആന്റണിയുടെ പ്രസ്താവന രാഷ്‌ട്രീയതമാശയെന്ന് വിഎസ്

ശനി, 12 സെപ്‌റ്റംബര്‍ 2015 (19:17 IST)
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന എ കെ ആന്റണിയുടെ പ്രസ്താവന രാഷ്‌ട്രീയ തമാശയാണെന്ന് വി എസ് അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പില്‍ ജനം ചുട്ട മറുപടി നല്കുമെന്ന് വ്യക്തമായപ്പോഴാണ് ചെപ്പടി വിദ്യയുമായി ആന്റണി എത്തിയിരിക്കുന്നതെന്നും വി എസ് പറഞ്ഞു.
 
തമ്മില്‍ ഭേദം തൊമ്മന്‍ എന്ന ആന്‍റണിയുടെ പ്രസ്താവന തമാശയാണ്. കേരളത്തിലേക്ക് ആന്‍റണി  കളം മാറ്റുന്നതിന്റെ ഭാഗമായാണോ തൊമ്മന്‍ രാഷ്‌ട്രീയമെന്നും വി എസ് ചോദിച്ചു. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്‌ട്രീയം പരസ്പരം കുത്തിക്കൊല്ലുന്നതില്‍ തീരുന്നതാണെന്നും വി എസ് പറഞ്ഞു.
 
വെള്ളാപ്പള്ളി നടേശന്റെ ആര്‍ എസ് എസ് ബന്ധം സി പി എം തുറന്നു കാട്ടി. ഇത് ഈഴവ സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കി. തനിക്കും പാര്‍ട്ടിക്കും എതിരെ വെള്ളാപ്പള്ളി പ്രസ്താവന നടത്തുന്നതിന് കാരണം ഇതാണെന്നും വി എസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക