നിബന്ധനകളില്‍ ഇളവ് നല്‍കാന്‍ ശുപാര്‍ശ; എയര്‍ കേരളയ്ക്ക് പ്രതീക്ഷ
കേരളത്തിന്റെ സ്വന്തം വിമാനകമ്പനി എന്ന സ്വപ്‌നത്തിന് പ്രതീക്ഷകളേകി കേന്ദ്രസര്‍ക്കാരിന്റെ സമിതിയുടെ ശുപാര്‍ശ. എയര്‍കേരള പദ്ധതിക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാരിന്റെ സമിതിയുടെ ശുപാര്‍ശ വന്നതാണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്നത്. 600 ആഭ്യന്തര സര്‍വ്വീസുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഗള്‍ഫ് മേഖലയിലേക്ക് പുതിയ വിമാനകമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താമെന്നാണ് ശുപാര്‍ശ.ശുപാര്‍ശ വൈകാതെ കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും.
പുതിയ വ്യോമയാന നയത്തെ സംബന്ധിച്ച് പഠിച്ച കേന്ദ്രസര്‍ക്കാരിന്റെ സമിതിയാണ് 6 മണിക്കൂറില്‍ താഴെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ പുതിയ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. എയര്‍ കേരളയ്ക്കു വിദേശത്തേക്ക് സര്‍വീസ് നടത്തുന്നതില്‍ രണ്ട് നിബന്ധനകളായിരുന്നു തടസമായി നിന്നിരുന്നത്. അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം വേണമെന്നും 20 വിമാനങ്ങള്‍ സ്വന്തമായി വേണം എന്നതുമായിരുന്നു ആ നിബന്ധനകള്‍. എന്നാല്‍ കേരളത്തിന്റെ അഭ്യര്‍ഥനമാനിച്ച് 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവു നല്‍കിയിരുന്നു. പുതിയ നിര്‍ദേശങ്ങള്‍കൂടി അംഗീകരിക്കുകയാണെങ്കില്‍ എയര്‍ കേരളയ്ക്കു വീണ്ടും ചിറക് മുളയ്ക്കും.