സംസ്ഥാനത്ത് എഐ ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 5 മുതല്‍ ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 മെയ് 2023 (09:48 IST)
തിരുവനന്തപുരം; സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച എ. ഐ ക്യാമറകളുടെ പ്രവര്‍ത്തനം  ജൂണ്‍ 5 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര വാഹന നിയമം അനുസരിച്ച് എ. ഐ ക്യാമറകള്‍ ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ റോഡ് സുരക്ഷയ്ക്കായി സ്ഥാപിക്കുമ്പോള്‍ സെക്ഷന്‍ 167 അ പ്രകാരം അവ കൃത്യമായും,  സുഗമമായും   പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനായി  സര്‍ക്കാര്‍ രൂപീകരിച്ച  അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സേഫ് കേരള മോണിറ്ററിംഗ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.
 
ആവശ്യമായ സാങ്കേതിക വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട്  ഈ മാസം 30 തിന് അകം അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച്  സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ യോഗം ആവശ്യപ്പെട്ടു. ഈ സമിതിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍   ജൂണ്‍ 5 മുതല്‍ പദ്ധതി നടപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ തീരുമാന പ്രകാരം ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ കമ്മിറ്റിയാണ് ഇവ സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
 
ഇതോടൊപ്പം ക്യാമറ സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൃത്യമായി അറിവ് നല്‍കുന്നതിന് വേണ്ടി മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റ് പ്രചരണങ്ങളും നടത്തും. എ. ഐ ക്യാമറയുടെ ഉപയോഗം കൊണ്ട് അപകടം കുറയ്ക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ വഴി മതിയായ പ്രചരണം നല്‍കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍