അന്വേഷണ റിപ്പോര്‍ട്ടില്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, എസ്.പി ഓഫീസിലെ മരംമുറി, തൃശൂര്‍ പൂരം അട്ടിമറി, മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് പി.വി.അന്‍വര്‍ എംഎല്‍എ അജിത് കുമാറിനെതിരെ ഉന്നയിച്ചിരുന്നത്. ഇതിലെല്ലാം ഡിജിപി തല അന്വേഷണം നടന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു കളങ്കം വരുത്തുന്ന നിലയില്‍ അജിത് കുമാര്‍ പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കുകയോ സര്‍വീസില്‍ നിന്ന് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയോ ആയിരിക്കും മുഖ്യമന്ത്രിയുടെ നടപടി. അജിത് കുമാറിനെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിനു ശേഷം നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി സിപിഐയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്.