മണ്ണുത്തി: നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയാല്‍ അഞ്ചു സെന്റ് ഭൂമിയും 25 ലക്ഷം രൂപയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി സാക്ഷിയുടെ വെളിപ്പെടുത്തൽ. പൾസർ സിനിയോടൊപ്പം ജയിലിൽ സഹതടവുകാരനായിരുന്ന നെല്ലിക്കൽ ജിൻസനാണ് പ്രതിഭാഗം സ്വാധീനിയ്ക്കാൻ ശ്രമിച്ചതായി നെല്ലിക്കൽ പൊലീസിൽ പരാതി നൽകിയത്. ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരം കൊല്ലം സ്വദേശിയായ നാസറെന്നയാളാണ് ജനുവരിയിൽ തന്നെ സ്വാധീനിയ്ക്കൻ ശ്രമിച്ചത് എന്ന് ജിൻസൺ പരാതിയിൽ പറയുന്നു.
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകിട്ടാണ് ജിൻസൺ ഇ-മെയിൽ വഴി പൊലീസിന് പരാതി നൽകിയത്. പിന്നീട് ജിൻസൺ സ്റ്റേഷനിലേയ്ക്ക് ഫോൺ വിളിച്ച് പരാതി അറിയിയ്ക്കുകയായിരുന്നു,. ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ജിൻസൺ ക്വാറന്റീനിലാണ്. പരാതിയിൽ പ്രാഥമിക നടപടികൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ജനുവരിയിൽ സ്വാധിനിയ്ക്കാൻ ശ്രമം ഉണ്ടായിട്ടും എന്തുകൊണ്ട് അപ്പോൾ പരാതി നൽകിയിട്ടില്ല എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി ചോദിച്ചറിയും. പള്‍സര്‍ സുനി ജയിലില്‍ കഴിയുന്നതിനിടെ മറ്റൊരു കേസില്‍ പ്രതിയായി ജിന്‍സന്‍ ജയിലില്‍ ഉണ്ടായിരുന്നു. അന്ന് കേസുമായി ബന്ധപ്പെട്ട് പല വിവരങ്ങളും പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞിട്ടുണ്ട്.