ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവം: മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 ഡിസം‌ബര്‍ 2023 (19:06 IST)
ജമ്മു കശ്മീരിലെ വാഹനാപകടം; മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നോര്‍ക്ക റൂട്ട്‌സ് സ്വീകരിക്കുന്നതാണെന്ന് ബഹു വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണന്‍കുട്ടി അറിയിച്ചു 
 
ജമ്മു കശ്മീരിലെ സോജില ചുരത്തില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പാലക്കാട് ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിന് സമീപം നെടുങ്ങൊട്ടെ സുധേഷ് (32), അനില്‍ (34), രാഹുല്‍ (28), വിഘ്നേഷ് (23) എന്നിവരുടെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. 
 
ഇന്നലെ രാത്രി ഏഴരയോടെ അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രിയെ അറിയിക്കുകയും, ചീഫ് സെക്രട്ടറി തലത്തില്‍ ഇടപെട്ട് ഗണ്ടേര്‍ബാല്‍ ജില്ലാ കളക്റ്ററുമായി ബന്ധപ്പെട്ടുകൊണ്ട് നോര്‍ക്ക റൂട്ട്‌സ് സഹായത്തോടെ മൃതശരീരങ്ങളും, പരിക്കേറ്റവരെയും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു. പോസ്റ്റ് മോര്‍ട്ടവും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം  കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് മൃതദേഹങ്ങള്‍ എത്രയും വേഗം സര്‍ക്കാര്‍ ചെലവില്‍  നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ ശ്രീ.കെ വി തോമസുമായും ബന്ധപ്പെട്ടിരുന്നു. 
 
ഏറ്റവും പുതിയ വിവരമനുസരിച്ച് നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥര്‍ ശ്രീനഗറില്‍ എത്തിയതായി മനസ്സിലാക്കുന്നു. നാലുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. എംബാമിംഗ് നടപടികള്‍ പുരോഗമിക്കുന്നു. പരിക്കേറ്റ മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നും മനസ്സിലാക്കുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നോര്‍ക്ക റൂട്ട്‌സ് സ്വീകരിക്കുന്നതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍