കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറി; മരണസംഖ്യ അഞ്ചായി, 11 പേർക്കു പരുക്ക് - മരണസംഖ്യ വര്‍ദ്ധിച്ചേക്കും

ചൊവ്വ, 13 ഫെബ്രുവരി 2018 (12:13 IST)
കൊച്ചിയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. വൈപ്പിൻ സ്വദേശി റംഷാദ്, പത്തനംതിട്ട സ്വദേശി ജിബിന്‍ എന്നിവരാണു മരിച്ച മലയാളികൾ.

പതിനൊന്നു പേര്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കപ്പലില്‍ പലരും കുടുങ്ങി കിടക്കുന്നതായിട്ടാണ് വിവരം. ഇവരെ രക്ഷപ്പെടുത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ഇന്ന് രാവിലെ 10.30നായിരുന്നു അറ്റകുറ്റപ്പണിക്കെത്തിച്ച സാഗർ ഭൂഷണെന്ന ഒഎൻജിസി കപ്പലിലെ വാട്ടര്‍ ടാങ്ക്  പൊട്ടിത്തെറിച്ചത്. ഇതിനു പിന്നാലെ തീ പിടുത്തമുണ്ടായതാണ് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചത്. അറ്റകുറ്റപ്പണി സമയത്ത് സമീപത്തുണ്ടായിരുന്ന ജീവനക്കാർക്കാണു പരുക്കേറ്റത്. അപകടമുണ്ടായതിന് പിന്നാലെ പുറത്തുനിന്നുള്ള ഫയർഫോഴ്സും കപ്പൽശാലയിലേക്ക് എത്തിയിട്ടുണ്ട്.

അപകടം സംബന്ധിച്ച വിവരങ്ങൾ കപ്പൽശാല അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 56 വർഷം പഴക്കമുള്ള കപ്പലാണ് മുംബയിൽ നിന്നെത്തിയ സാഗർ ഭൂഷൺ. അതേസമയം, സുരക്ഷാ വീഴ്ച്ചയെന്ന് അപകടകാരണമെന്നാണ് വിലയിരുത്തല്‍. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അഞ്ച് മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍