മദ്യലഹരിയില്‍ വാഹനമോടിച്ച യുവാവ് അപകട പരമ്പര സൃഷ്ടിച്ചു. കാര്‍ ചെയ്‌സിങ്ങാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണം. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ദേശീയ പാതയില്‍ ആലുവ മുട്ടത്ത് നിന്ന് ആരംഭിച്ച കാര്‍ ചെയ്‌സ് അവസാനിച്ചത് തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെ പോസ്റ്റില്‍ ഇടിച്ചാണ്. മദ്യലഹരിയില്‍ വണ്ടിയോടിച്ച യുവാവിനൊപ്പം ഒരു സീരിയല്‍ നടിയും കാറിലുണ്ടായിരുന്നു. അപകടം ഉണ്ടായ ഉടന്‍ നടി കാറില്‍ നിന്ന് ഇറങ്ങി ഓടി. യുവാവിനെ നാട്ടുകാര്‍ പിടിച്ച് പൊലീസിനു കൈമാറി.
മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാര്‍ മറ്റൊരു കാറിനേയും നാല് ബൈക്കുകളെയും ഇടിച്ചു തെറിപ്പിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് ആലുവ മുതല്‍ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചിരുന്നത്. ചെയ്‌സിങ്ങിനിടെ തൃക്കാക്കര ക്ഷേത്രത്തിനു സമീപമെത്തിയപ്പോള്‍ കാറിന്റെ ഒരു ടയര്‍ പൊട്ടി. എന്നിട്ടും വാഹനം പായാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.