നടി അക്രമിക്കപ്പെട്ട സംഭവം: പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും

ബുധന്‍, 19 ഏപ്രില്‍ 2017 (11:48 IST)
നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന് നുണപരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനാണ് ഇങ്ങനെ ഒരു നുണ പരിശോധന നടത്തുന്നത്. 
 
അതേസമയം നടി അക്രമിക്കപ്പെട്ട ദിവസം രാത്രി പ്രതികള്‍ നേരിട്ടെത്തി മൊബൈല്‍ ഫോണും, പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ഏല്‍പിച്ചെന്ന് അഭിഭാഷകന്‍ പറഞ്ഞിരുന്നു. കുടാതെ ഈ അഭിഭാഷകന്‍ മുഖേനയായിരുന്നു പള്‍സര്‍ സുനി പിടിയിലാവുന്നതിന് മുമ്പ് ഹൈക്കോടതിയിലേക്കുള്ള ജാമ്യാപേക്ഷയും നല്‍കിയത്.
 
അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളുടെ വീട്ടിലും മറ്റും പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ഇയാള്‍ പൂര്‍ണമായും സഹകരിച്ചിട്ടുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നുണ പരിശോധനയ്ക്ക് പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍  പൊലീസിന്റെ നീക്കത്തെ മറ്റ് അഭിഭാഷകർ എതിർക്കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക