അഭിമന്യു വധം: ഒളിവിലുള്ള പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും - പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു
ശനി, 7 ജൂലൈ 2018 (13:28 IST)
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. കേസില്‍ പൊലീസ് തിരയുന്ന 12 പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് അന്വേഷണസംഘം നീക്കമാരംഭിച്ചത്.
കൊല്ലപ്പെടുന്നതിന് മുമ്പ് അഭിമന്യുവിന് വന്ന ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
കൊല്ലപ്പെട്ട ദിവസം രാവിലെ മുതൽ തുടർച്ചയായി അഭിമന്യുവിനെ ഫോണിൽ വിളിച്ചത് കേസിൽ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്ന് സൂചന. മഹാരാജാസ് കോളജിലെ തന്നെ മൂന്നാം വർഷം അറബിക് വിദ്യാർഥിയാണ് മുഹമ്മദ്.
കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി ഇന്ന് അറസ്‌റ്റിലായി. എസ്‌ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്‌റ്റിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കി. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് പരിശോധന നടത്തിയത്.