‘അവരുടെ രോമത്തില്‍ പോലും നിങ്ങള്‍ തൊടില്ല’ - ഫഹദിനും പാര്‍വതിക്കും കട്ട സപ്പോര്‍ട്ട്

ശനി, 5 മെയ് 2018 (16:57 IST)
ചാനല്‍ ചര്‍ച്ചയ്‌ക്കിടെ ഭീഷണിപ്പെടുത്തിയ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്‌ണന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തകന്‍ അഭിലാഷ്. ‘വിവേചനം ആരുടെ അജണ്ട’ എന്ന എഡിറ്റേഴ്‌സ് അവറിനിടെ ഭീഷണിയുമായി രംഗത്തുവന്നപ്പോഴായിരുന്നു അവതാരകന് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നത്.

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച ഫഹദ് ഫാസിലിനും സംവിധായകന്‍ അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയ്‌ക്കിടെയായിരുന്നു സംഭവം.

ഫഹദ് ഫാസില്‍ അഭിനയിക്കുന്ന സിനിമ കാണില്ലെന്ന് പറഞ്ഞ നിങ്ങള്‍ അവാര്‍ഡ് ബഹിഷ്കരിച്ച ഭാഗ്യലക്ഷ്മിയുടെ കാര്യത്തിലും വി സി അഭിലാഷിന്റെ കാര്യത്തിലും ഈ നിലപാട് സ്വീകരിക്കുന്നില്ല. ഇതിനു പിന്നില്‍ സങ്കുചിത മനോഭാവമല്ലെ എന്നായിരുന്നു അവതാരകനായ അഭിലാഷിന്റെ ചോദ്യം. ഈ ചോദ്യത്തിന് കടുത്ത ഭാഷയിലാണ് ബി ഗോപാലകൃഷ്‌ണന്‍ മറുപടി നല്‍കിയത്.

അഭിലാഷ് നിങ്ങളൊരു മാന്യനാണെന്നുള്ളതുകൊണ്ടാണ് ഞാന്‍ ഇതുവരെ മാന്യമായ ഭാഷയില്‍ സംസാരിച്ചത്. നിങ്ങളുടെ ഈ ചോദ്യത്തിന് ഞാന്‍ അമാന്യമായ ഭാഷയില്‍ മറുപടി പറയണം. അത് എന്നെക്കൊണ്ട് പറയിപ്പിക്കരുത്. അത് പറയുന്ന ആളാണ് ഞാന്‍ എന്ന് ബി ഗോപാലകൃഷ്‌ണന്‍ പറഞ്ഞപ്പോള്‍, ഭീഷണിയൊന്നും വേണ്ട, ചോദിച്ച ചോദ്യത്തിനുള്ള മറുപടി മാത്രം മതിയെന്നും‍, അങ്ങനെ ഭീഷണിപ്പെടുത്തിയാല്‍ പേടിക്കുന്നയാളൊന്നുമല്ല ഇവിടെ, ഈ അവാര്‍ഡ് നിരസിച്ചവരെയൊക്കെ കണ്ണിലെ കൃഷ്‌ണമണിപോലെ സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, അവാര്‍ഡ് നിരസിച്ചവരെയായാലും ഭീഷണിപ്പെടുത്തേണ്ടതില്ലെന്ന് അവതാരകന്‍ തിരിച്ചടിച്ചു.

കേരളം അഭിലാഷിനെ പോലെയുള്ള കുറച്ചാളുകളുടെ തറവാട്ടു സ്വത്തല്ലെന്ന് പ്രതികരിച്ച ബി ഗോപാലകൃഷ്ണനോട്, ബി ജെ പിക്കാരുടെ ഭീഷണിക്ക് മുമ്പില്‍ ആലിലപോലെ വിറച്ചുപോകുന്നവരൊന്നുമല്ല ഇവിടെയുള്ളതെന്നും അഭിലാഷ് പറഞ്ഞു.

ദേശീയ പുരസ്‌കാരം നിരസിച്ചതിനു പിന്നാലെ ഫഹദ് ഫാസിലിനേയും സിനിമാ പ്രവര്‍ത്തകനായ അനീസ് മാപ്പിളേയയും ലക്ഷ്യം വെച്ച് സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഫഹദ് ഫാസിലിന്റെ സിനിമ ഹിന്ദുക്കള്‍ കാണില്ലെന്ന് സോഷ്യല്‍ മീഡിയ വഴി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുകയും ചെയ്‌തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍