ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (12:35 IST)
അന്തരിച്ച പ്രശസ്ത വയലിനിസ്‌റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍. ബാലഭാസ്കറിന്റെ വേർപാട് നികത്താനാകാത്ത നഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.
 
"ബാലഭാസ്കറിന്റെ വേർപാട് നികത്താനാകാത്ത നഷ്‌ടം. ചെറുപ്രായത്തിൽ തന്നെ രാജ്യാന്തര പ്രശസ്തി നേടാൻ കഴിഞ്ഞ സംഗീത പ്രതിഭയായിരുന്നു ബാലഭാസ്കർ. ഫ്യൂഷൻ സംഗിത പരിപാടികളിലൂടെയും ആൽബങ്ങൾക്കും പിന്നിട് സിനിമയ്ക്കും സംഗീത സംവിധാനം നിർവ്വഹിച്ച് ചെറുപ്രായത്തിൽ തന്നെ അദ്ദേഹം സംഗീതലോകം കീഴടക്കി. ഇലക്ട്രിക് വയലിനിലൂടെ യുവ തലമുറയെ ഉന്മത്തരാക്കുമ്പോൾ തന്നെ ശാസ്ത്രീയ സംഗീതത്തിലൂടെ ശുദ്ധസംഗീത ആസ്വാദകർക്കും അദ്ദേഹം പ്രിയങ്കരനായി. ബാലയുടെ അപ്രതീക്ഷിത വേർപാട് അത്യന്തം വേദനാജനകവും ഭാവി സംഗീത ലോകത്തിന് വലിയ നഷ്ടവുമാണ്"- എ കെ ബാലൻ ഫേസ്‌ബുക്കിൽ കുറിച്ചു.
 
ബാലഭാസ്‌ക്കറിന്റെ സംസ്‌കാരം നാളെ നാളെ തിരുമലയിലെ വീട്ടുവളപ്പില്‍ നടത്തും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നാലുമണിവരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ശേഷം കലാഭവനിലും പൊതുദര്‍ശനത്തിന് വയ്‌ക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍