സുധാകരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം നിയമസഭയിലും

ചൊവ്വ, 19 ഫെബ്രുവരി 2013 (12:32 IST)
PRO
PRO
സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് കെ സുധാകരന്‍ എം പി നടത്തിയ പരാമര്‍ശങ്ങള്‍ നിയമസഭയിലും ചര്‍ച്ചയായി. പ്രതിപക്ഷത്ത് നിന്ന് കെ എം സലീഖ സബ്മിഷനായാണ് സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരായ സുധാകരന്റെ പരാമര്‍ശം സഭയില്‍ ഉന്നയിച്ചത്. സുധാകരനെതിരെ കേസെടുക്കണമെന്നും സലീഖ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പിന്തുണയുള്ളതു കൊണ്ടാണ് സുധാകരള്‍ എന്തും വിളിച്ചു പറയുന്നതെന്നും സലീഖ ആരോപിച്ചു.

സുധാകരന്റെ പരാമര്‍ശങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ കേരളത്തിന് പുറത്ത് നടന്ന സംഭവമായതിനാല്‍ നിയമസഭയ്ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് സബ്മിഷന് മറുപടി പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണള്‍ പറഞ്ഞു. കേസെടുക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മന്ത്രി പ്രതികരിച്ചില്ല.

മസ്കറ്റില്‍ സ്വകാര്യ സന്ദര്‍ശനത്തിനിടെ സുധാകരന്‍ നടത്തിയ വിവാദ പരാ‍മര്‍ശം ഇതാണ് - “സൂര്യനെല്ലി പെണ്‍കുട്ടിയുടെ ചരിത്രം എല്ലാവര്‍ക്കുമറിയാം. വ്യഭിചാരത്തിന് പണവും പാരിതോഷികവും വാങ്ങിയ ശേഷം ചാനലുകള്‍ക്ക് മുമ്പില്‍ എല്ലാം വിളിച്ചു പറയുകയാണ്. ഓടിപ്പോകാന്‍ ഏറെ അവസരങ്ങള്‍ ഉണ്ടായിട്ടും രക്ഷപ്പെടാന്‍ പെണ്‍കുട്ടി തയ്യാറായില്ല”.

സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തോട് യോജിപ്പില്ലെന്നും സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതോടൊപ്പം പുരുഷന്‍‌മാര്‍ക്കും സുരക്ഷ വേണ്ടേയെന്നും സുധാകരന്‍ ചോദിക്കുന്നു. പി ജെ കുര്യനെതിരെയുള്ള വി എസിന്‍റെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്‍ഷ്യത്തിന് വേണ്ടിയുള്ളതാണെന്നും ജസ്റ്റിസ് ബസന്തിന്‍റെ പരാമര്‍ശങ്ങള്‍ വസ്തുതാപരമാണെന്നുമാണ് സുധാകരന്‍ പറയുന്നത്.

സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് സുധാകരന്‍റെ അഭിപ്രായം അദ്ദേഹത്തിന്‍റേത് മാത്രമാണെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. സുധാകരന്‍റെ പ്രസംഗത്തെക്കുറിച്ച് അറിയില്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. അത് തെറ്റാണ്. അഭിപ്രായം പറയേണ്ടിടത്ത് ശക്തമായി തന്നെ പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക