ശബരീനാഥിന് രാമേശ്വരം ബാങ്കില്‍ അക്കൌണ്ട്!

വെള്ളി, 25 മാര്‍ച്ച് 2011 (08:48 IST)
PRO
PRO
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതി ‘കുട്ടിക്കുബേരന്‍’ ശബരീനാഥ് തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നു പൊലീസിന് സൂചന ലഭിച്ചു. ശബരിയെ കാണാതായെന്ന് അമ്മ ജലജാംബിക പരാതി നല്‍കിയതിനു ശേഷം ഇയാള്‍ രാമേശ്വരത്ത് ഒരു ദേശസാല്‍കൃത ബാങ്കില്‍ വിവേക് പാണ്ഡ്യന്‍ എന്ന പേരില്‍ വ്യാജ അക്കൗണ്ട് തുറന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ശബരിയുടെ ബന്ധുക്കള്‍ തമിഴ്നാട്ടിലുണ്ടെന്നു വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. ബന്ധുക്കളെ കണ്ടെത്തി ചോദ്യം ചെയ്താല്‍ ശബരിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. ശബരീനാഥ് ബാങ്ക് അക്കൌണ്ട് തുറന്നിട്ടുള്ള രാമേശ്വരത്തേക്കും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ പൊലീസ് സംഘം പോകും.

ശബരിയുടെ നെയ്യാറ്റിന്‍കര കുടങ്ങാവിളയിലെ വീട് ഇപ്പോള്‍ പൂട്ടിയിട്ട നിലയിലാണ്. ശബരിയുടെ അമ്മ ഇവിടെയാണു താമസിച്ചിരുന്നത്. ശബരീനാഥിന്റെ അമ്മ, നെയ്യാറ്റിന്‍കര കവളാകുളം കൊടങ്ങാവിള ശബരീ നിവാസില്‍ ജലജാംബിക തന്നെയാണ് ജാമ്യത്തിലിറങ്ങിയ മകനെ കാണാനില്ല എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍‌കിയിരിക്കുന്നത്. ഈ കേസ് നെയ്യാറ്റിന്‍കര ഡിവൈഎസ്‌പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചുവരികയാണ്.

നിരവധി കേസുകളില്‍ പ്രതിയായ ശബരീനാഥ്‌ മാര്‍ച്ച് മാസം 18-ന് ക്രൈംബ്രാഞ്ചിന്‌ മുമ്പാകെ ഹാജരാവേണ്ടതായിരുന്നു. എന്നാല്‍ മകനെ ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി എന്നാണ് ജലജാംബിക പരാതിയില്‍ പറയുന്നത്. ടോട്ടല്‍ ഫോര്‍ യുവില്‍ പണം നിക്ഷേപിച്ചവരാരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നും പൊലീസ്‌ സംശയിക്കുന്നുണ്ട്‌. മാതാവ്‌ നല്‍കിയ പരാതി കരുതിക്കൂട്ടിയുള്ളതാണോ എന്നും പൊലീസ്‌ സംശയിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രണ്ട്‌ സുഹൃത്തുക്കളെ കാണാന്‍ പോയതാണെന്നും പിന്നെ തിരിച്ചുവന്നിട്ടില്ലെന്നും മാതാവ്‌ നല്‍കിയ പരാതിയില്‍ പറയുന്നു. മുപ്പതോളം കേസുകളില്‍ പ്രതിയാണ്‌ ശബരിനാഥ്‌. പണം നല്‍കാനുള്ളവര്‍ നിരന്തരം വളഞ്ഞപ്പോള്‍ അവരെ വെട്ടിച്ച്‌ കടന്നതാണോ എന്നും പൊലീസിന് സംശയമുണ്ട്.

നാല്‌ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തി ശബരീനാഥ്‌ ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് ശബരീനാഥിനെ കോടതി ശിക്ഷിച്ചത്. താന്‍ വെറും ബിനാമി മാത്രമായിരുന്നുവെന്നും തട്ടിപ്പ് നടത്തിയത്‌ ഡോക്‌ടര്‍ രമണിയും ബിജു മാവേലിക്കരയും ചേര്‍ന്നാണെന്നും ശബരീനാഥ് കോടതിയെ ബോധിപ്പിച്ചെങ്കിലും കോടതി ശബരീനാഥിനെ ശിക്ഷിക്കുകയായിരുന്നു.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഒരു മാസം കൊണ്ട്‌ ഒരു ലക്ഷത്തിമുപ്പതിനായിരം രൂപയായി തിരികെ നല്‍കുമെന്ന വാഗ്‌ദാനം നല്‍കിയാണ്‌ കുട്ടിക്കുബേരന്‍ ശബരീനാഥ് പണം സ്വീകരിച്ചത്. എന്നാല്‍ ആര്‍ക്കും പണം തിരികെ കിട്ടിയതുമില്ല.

ക്രൈംബ്രാഞ്ചിനെ ഒഴിവാക്കാന്‍ ശബരീനാഥ് കാണിക്കുന്ന ‘വേല’യാണ് ‘കാണാനില്ല’ എന്ന പരാതിയെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. കഴിഞ്ഞ തവണ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ അനാശാസ്യത്തിന് ശബരീനാഥ് പിടിയിലായിരുന്നു. ജാമ്യം ഉല്ലസിച്ച് ആഘോഷിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കരമനയ്ക്കടുത്ത കാലടിയിലെ ഒരു വീട്ടിലെത്തിയ ശബരീനാഥിനൊപ്പം അന്ന് തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും കുടുങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക