വെള്ളക്കെട്ട്: തിരുവനന്തപുരത്ത് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു

ശനി, 2 മെയ് 2015 (09:11 IST)
തിരുവനന്തപുരത്ത് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു. തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് കളക്‌ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയത്.
 
തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിന് മുമ്പിലെ ബുക്ക് സ്റ്റാള്‍ അടക്കമുള്ള കൈയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്.  എന്നാല്‍, കൈയേറ്റം ഒഴിപ്പിക്കുന്നതിന് എതിരെ പ്രതിഷേധം ഉണ്ടായില്ല.
 
തമ്പാനൂരിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ രാജ ഭരണകാലത്ത് നിര്‍മിച്ച കനാല്‍ പുനഃസ്ഥാപിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ് കുമാര്‍ അധ്യക്ഷനായ സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ല ഭരണകൂടം തയ്യാറായിരിക്കുന്നത്.
 
അനധികൃത കൈയേറ്റങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ഒരു മാസം മുമ്പേ ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക