പ്രതീക്ഷിച്ചതിലുമധികം വിജയം നേടി കേരളത്തില്‍ ഇടതുമുന്നണി അധികാരത്തിലേക്ക്. 91 സീറ്റാണ് ഇടതുമുന്നണി സ്വന്തമാക്കിയിരിക്കുന്നത്. വടക്കഞ്ചേരി മണ്ഡലത്തിലെ അനിശ്ചിതത്വം മാറിയെങ്കില്‍ മാത്രമേ ആ മണ്ഡലം ആര്‍ക്കൊപ്പം എന്നറിയാന്‍ കഴിയൂ. 24 മണിക്കൂറിനകം സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സി പി എം നേതൃത്വം അറിയിച്ചിരിക്കുന്നത്.
ഒരു തവണ മുഖ്യമന്ത്രിയാകുകയും കേരളത്തില്‍ പ്രചരണം നയിക്കുകയും ചെയ്ത വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകണമെന്ന് സി പി എമ്മിലെ ഒരു വിഭാഗവും പോളിറ്റ് ബ്യൂറോയിലെ ചില അംഗങ്ങളും ആഗ്രഹിക്കുന്നു. വി എസിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ജനരോഷമുണ്ടാകുമെന്ന ഭീതിയും സി പി എമ്മിനുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് വി എസ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
വി എസ് മുഖ്യമന്ത്രിയാകുകയാണെങ്കില്‍ ആ മന്ത്രിസഭയില്‍ ചേരാന്‍ പിണറായി വിജയനോ, പിണറായി മുഖ്യമന്ത്രിയാകുകയാണെങ്കില്‍ മന്ത്രിസഭയിലെ ഒരു സാധാരണ മന്ത്രിയായിരിക്കാന്‍ വി എസോ തയ്യാറാകില്ല എന്നതും ഉറപ്പ്. എന്തായാലും ഈ കീറാമുട്ടി പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ സി പി എം കിണഞ്ഞുപരിശ്രമിക്കുകയാണ്.