വി എസിന് ഇനിയും മത്സരിക്കാം, അദ്ദേഹത്തെ കണ്ടുപഠിക്കണം: യെച്ചൂരി

ചൊവ്വ, 17 നവം‌ബര്‍ 2015 (17:23 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ഇനിയും തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വി എസിന്റെ ഊർജ്ജസ്വലത മറ്റുള്ളവർ കണ്ടുപഠിക്കണമെന്നും യെച്ചൂരി പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസിന് സീറ്റ് നൽകുമോ ഇല്ലയോ എന്ന ചർച്ച ഉയർന്നുവരുന്നതിനിടെയാണ് ജനറൽ സെക്രട്ടറിയുടെ ഈ പ്രതികരണം.
 
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും പാർട്ടി പ്രവർത്തനത്തിനും പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു. ഇത് വി എസിനും ബാധകമാണ്. ജനങ്ങളുമായി ബന്ധമുള്ളവർക്ക് പാർട്ടിയിലും പൊതുരംഗത്തും തുടരാം. വി എസിന്റെ ഊർജ്ജസ്വലത മറ്റുള്ളവർ കണ്ടുപഠിക്കണം - യെച്ചൂരി പറഞ്ഞു.
 
ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂട്ടായ പ്രവർത്തനമാണ് പാർട്ടി നടത്തിയത്. വി എസ് പാർട്ടിയിൽ നിന്ന് വേറിട്ട പ്രവർത്തനം നടത്തിയിട്ടില്ല - യെച്ചൂരി വ്യക്തമാക്കി.
 
കോൺഗ്രസിന്റെ വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പിയിലേക്ക് ചോർന്നതെന്നും കേരളത്തിൽ ബി ജെ പിക്ക് വോട്ടുകൂടുന്നതിൽ ആശങ്കയുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക