വി എസിനെതിരായ പ്രമേയം ശരിവച്ച് കേന്ദ്രനേതൃത്വം!

തിങ്കള്‍, 27 ജനുവരി 2014 (14:54 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ സിപിഐ(എം) സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയത്തില്‍ തെറ്റില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരോടുള്ള നിലപാട് എന്നിവ സംബന്ധിച്ച് വിഎസ് നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസ്സാക്കിയത്.

പ്രമേയം സംസ്ഥാന കമ്മിറ്റിയുടെ അധികാരപരിധിക്കുള്ളില്‍ നിന്നുള്ളതാണെന്നു അതില്‍ അസ്വഭാവികതയില്ലെന്നും കേന്ദ്രനേതൃത്വം പറയുന്നു. വിഎസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്ന പ്രമേയത്തില്‍ അദ്ദേഹത്തെ താക്കീത് ചെയ്യുന്നുമുണ്ട്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യതെയാണ് വിഎസ് പ്രസ്താവന നടത്തിയത്. ഇത്തരം തെറ്റായ നടപടികള്‍ വി എസ് ആവര്‍ത്തിക്കരുതെന്നും രമയുടെ ആവശ്യം നിയമവിരുദ്ധമാണെന്നും കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

കണ്ണൂരില്‍ നമോ വിചാര്‍മഞ്ച് സിപിഎമ്മുമായി സഹകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ അനാവശ്യവും അനുചിതവുമായ പ്രസ്താവനയാണ് വിഎസിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഏകപക്ഷീയമായി പരസ്യപ്രസ്താവന നടത്തിയ വിഎസിന്റെ നിലപാട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നില്ല.

പാര്‍ട്ടി നിലപാടില്‍നിന്നും വ്യത്യസ്തമായ പരസ്യ നിലപാട് സ്വീകരിക്കരുതെന്നും വിഎസ്സിനോട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക