യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്ന സംഭവം; എല്ലാ പ്രതികളും പൊലീസ് പിടിയില്‍

ചൊവ്വ, 2 ഫെബ്രുവരി 2016 (21:09 IST)
തിരുവനന്തപുരത്ത് ബൈക്കില്‍ സഞ്ചരിച്ച വക്കം സ്വദേശിയായ യുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്ന സംഭവത്തില്‍ എല്ലാ പ്രതികളും പിടിയില്‍‍. വക്കം ഉടുക്കുവിളാകത്ത് വീട്ടില്‍ പ്രസന്നന്‍റെ മക്കളായ സന്തോഷ്, സതീഷ്, അണയില്‍ ഈച്ചം വിളാകത്ത് കുമാറിന്‍റെ മകന്‍ കിരണ്‍, ദൈവപ്പുര ക്ഷേത്രത്തിന് സമീപം വിനായക് എന്നിവരാണ് അറസ്റ്റിലായത്.
 
ചൊവ്വാഴ്ച രാവിലെ വിനായകിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളെ വൈകുന്നേരത്തോടെ പിടികൂടി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.
 
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ തോപ്പിക്കവിളാകം റയില്‍വേ ഗേറ്റിനടുത്തു വച്ചാണ് ഷെബീറിനു മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷെബീര്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. പരുക്കേറ്റ സുഹൃത്ത് വക്കം സ്വദേശി ഉണ്ണിക്കൃഷ്ണന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇയാള്‍ ആശുപത്രി വിട്ടിട്ടുണ്ട്.
 
കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യമെന്നാണ് പൊലീസിന്റെ നിഗമനം. മാസങ്ങള്‍ക്കു മുന്‍പ് വക്കത്ത് ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് എഴുന്നള്ളത്തിനിടെ ആനയുടെ വാലില്‍പ്പിടിച്ച് ഉത്സവം അലങ്കോലമാക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘട്ടനം നടന്നിരുന്നു. ഈ സംഭവത്തില്‍ രണ്ടു വിഭാഗത്തില്‍പെട്ടവര്‍ക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കടയ്ക്കാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോടതിയില്‍ നടന്നുവരവേയായിരുന്നു കഴിഞ്ഞ ദിവസത്തെ അക്രമം.

വെബ്ദുനിയ വായിക്കുക