യുഡിഎഫില്‍ തുടരണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും: ലീഗ്
ഞായര്‍, 30 ജൂണ്‍ 2013 (09:50 IST)
PRO
യുഡിഎഫില്‍ തുടരണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുസ്ലീംലീഗ്. യുഡിഎഫ് എന്നത് പൊതു സംവിധാനമാണ്. കോണ്‍ഗ്രസ്സിന്റെ കാര്യം അവര്‍ക്ക് തീരുമാനിക്കാമെന്നും ലീഗിന്റെ കാര്യം തങ്ങള്‍ തന്നെ തീരുമാനിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അടിയന്തര സെക്രട്ടറിയേറ്റ് ജൂലൈ നാലിന് ചേരും
മുസ്ലീം ലീഗിനെതിരായ രമേശ് ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലീഗിന്റെ അടിയന്തിര നേതൃയോഗം പാണക്കാട് ആരംഭിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം. ലീഗുമായുള്ള ബന്ധം ബാധ്യതയാകുമെന്ന സി കെ ഗോവിന്ദന്‍നായരുടെ മുന്നറിയിപ്പ് ശരിയാകുകയാണെന്ന പരാമര്‍ശമാണ് ലീഗിനെ പ്രകോപിപ്പിച്ചത്.
പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉറച്ച് നിന്നാല്‍ മറുപടി നല്‍കുമെന്നായിരുന്നു മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ശനിയാഴ്ച്ച വ്യക്തമാക്കിയിരുന്നത്. ലീഗിനെതിരായ ചെന്നിത്തലയുടെ പരാമര്‍ശം ഗൗരവതരമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മറുപടി ഞായറാഴ്ച്ചത്തെ കൂടിയാലോചനയ്ക്ക് ശേഷമെന്നും അദ്ദേഹം പ്രതികരിച്ചു.
ചെന്നിത്തലയെ പിന്തുണച്ച് ആര്യാടനും മുരളീധരനും രംഗത്ത് വന്നു. കോഴിക്കോട് നടന്ന സി കെ ഗോവിന്ദന്‍ നായര്‍ അനുസ്മരണ ചടങ്ങിലാണ് യുഡിഎഫ് രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ചെന്നിത്തല നടത്തിയത്.