മുഖ്യമന്ത്രിക്ക് മൌനം - ചെന്നിത്തല

ശനി, 25 ഓഗസ്റ്റ് 2007 (13:34 IST)
KBJWD
പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിളയുടെ ഭൂമിയിടപാട് സംഭവത്തിലും കിളിരൂര്‍ കേസിലും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മൌനം തുടരുകയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കിളിരൂര്‍ കേസിലെ വി.ഐ.പി ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയിടപാടില്‍ ആരോപണ വിധേയനായ പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിള ഉടന്‍ രാജിവയ്ക്കണം.

ദൈവം വിചാരിച്ചാല്‍ പോലും ഇനി കുരുവിളയെ രക്ഷിക്കാനാവില്ല. അദ്ദേഹത്തിന്‍റെ രാജി അനിവാര്യമാണ്. തന്‍റെ മന്ത്രിസഭയിലെ ഒരംഗം അഴിമതിക്കാരനാണെന്ന് കണ്ടാല്‍ 24 മണിക്കൂറിനകം അയാളെ പുറത്താക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വാക്ക് പാലിക്കണം. കുരുവിളയുടെ രാജി മുഖ്യമന്ത്രി ഉടന്‍ തന്നെ വാങ്ങണം.

അല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. നീതിനിര്‍വ്വഹണം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഓന്തിനെപ്പോലെ നിറം‌മാറുകയാണ്. അധികാര ദുര്‍വിനിയോഗത്തിന് കുരുവിളയേക്കാള്‍ വലിയ ഉദാഹരണമില്ല.

ഭൂമി മാഫിയക്കെതിരെ ശക്തമാ‍യ നിലപാടെടുക്കുമെന്ന് പ്രസ്താവിച്ച മുഖ്യമന്ത്രി കുരുവിളയുടെ അഴിമതി കണ്ടില്ലെന്ന് നടിക്കുകയാണ്. കിളിരൂര്‍ കേസിലെ വി.ഐ.പി ആരോഗ്യമന്ത്രി പി.കെ.ശ്രീ‍മതിയാണെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല.

മരിച്ച പെണ്‍കുട്ടിയുടെ പിതാവ് തന്നെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വി.ഐ.പി പി.കെ ശ്രീമതിയാണെന്ന് പറഞ്ഞിട്ട് നാലഞ്ച് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. കുരുവിളയുടെ ഭൂമി ഇടപാടിലും കിളിരൂര്‍ കേസിലും മുഖ്യമന്ത്രി തന്ത്രപരമായ മൌനം പാലിക്കുകയാണ്.

തമിഴ്നാട്ടില്‍ ശനിയാഴ്ച നടന്ന തീവണ്ടി തടയല്‍ സമരം ഫെഡറല്‍ സംവിധാനത്തിന്‍റെ അന്തസത്തയ്ക്ക് ചേര്‍ന്നതല്ലെന്നും രമേശ്‌ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക