മന്ത്രി മോഹനന്‍ പേട്ടതുള്ളി

വെള്ളി, 4 ജനുവരി 2013 (09:55 IST)
PRO
PRO
അയ്യപ്പ ദര്‍ശനത്തിനായി എത്തിയ മന്ത്രി കെ പി മോഹനന്‍ എരുമേലിയില്‍ പേട്ടതുള്ളി. പാനൂരില്‍ നിന്നുള്ള അമ്പതംഗ സംഘത്തിനൊപ്പം എത്തിയ മന്ത്രി മുന്‍‌വര്‍ഷത്തിലും ആവേശത്തിലാണ് പേട്ടതുള്ളിയത്. എല്ലാ വര്‍ഷവും വൃതമെടുത്ത് മന്ത്രി ശബരിമല സന്നിദ്ധാനത്ത് എത്താറുണ്ട്.

മന്ത്രിയും സംഘവും എരുമേലി ധര്‍മശാസ്‌താ ക്ഷേത്ര പരിസരത്ത്‌ എത്തിയപ്പോള്‍ സമയം രാത്രി പന്ത്രണ്ട് മണി. മറ്റ് അയ്യപ്പന്‍‌മാരോടൊപ്പം വളരെ സാധാരണക്കാരാനായി എത്തിയ മന്ത്രിയെ തിരിച്ചറിഞ്ഞത് പൊലീസിന്റെ വന്‍ സാന്നിധ്യം ഉള്ളതിനാല്‍ മാത്രമാണ്.

കറുപ്പ് മുണ്ട് ധരിച്ച്, ശരീരമാകെ ഭസ്മം വാരിപ്പൂശി, കൈകളില്‍ പാണല്‍ ഇല വഹിച്ച്‌ കൊച്ചമ്പലത്തില്‍ എത്തിയ മന്ത്രി ഭഗാവന്റെ മുന്നില്‍ കൈകള്‍ കൂപ്പി. ക്ഷേത്രത്തിന് വെളിയില്‍ ചെണ്ടയില്‍ നിന്ന് ഉയര്‍ന്ന അയ്യപ്പ തിന്തകത്താളം മന്ത്രിയിലെ ഭക്തനെ ഉണര്‍ത്തി. ചെണ്ടയുടെ താളത്തിനൊപ്പം മന്ത്രിയും സംഘവും നൃത്തം വച്ചു.

തുടര്‍ന്ന് ടൗണ്‍ നൈനാര്‍ മസ്ജിദില്‍ പ്രവേശിച്ച വാവരു സ്വാമിയെ വണങ്ങി കാണിക്ക സമര്‍പ്പിച്ചു. അതിന് ശേഷം പേട്ടക്കവലയില്‍ എത്തിയതോടെ തുള്ളലില്‍ ഭക്‌തിയുടെ ആവേശം നിറഞ്ഞു. അരമണിക്കൂറോളം മന്ത്രി ഭക്തിയില്‍ നിറഞ്ഞ് പേട്ടതുള്ളി. തുടര്‍ന്ന് പമ്പയില്‍ സ്നാനം ചെയ്ത് സംഘം ശബരിമലയിലേക്ക് തിരിച്ചു.

വെബ്ദുനിയ വായിക്കുക