നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന മൊഴികളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. മണി മരിച്ച ദിവസം പാഡിയില്‍ നടന്ന മദ്യ സര്‍ക്കാരത്തില്‍ ചാരായം ഉപയോഗിച്ചിരുന്നു. എന്നാല്‍ ചാരായം വഴിയാണ് മണിയുടെ ശരീരത്തില്‍ കീടനാശിനി കടന്നതെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു.
മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍, എന്നിവര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന മൊഴികളൊന്നും ഇവരില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. മണിയുടെ ശരീരത്തില്‍ കലര്‍ന്ന കീടനാശിനിയുടെ കുപ്പി കണ്ടെത്താന്‍ പൊലീസ് പാഡിയുടെ സമീപത്തുള്ള പുഴയില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാര്യമായ തെളിവുകളൊന്നും ഇവിടെനിന്നും കണ്ടെത്തിയിട്ടില്ല.
അതേസമയം, മണിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് പൊലീസ്. മണിയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍, നടത്തിയ പണമിടപാടുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്.