ഭരണസംവിധാനം നിശ്ചലം: കെ സുധാകരന്‍

ബുധന്‍, 11 ഫെബ്രുവരി 2009 (17:01 IST)
സംസ്ഥാനത്തെ ഭരണസംവിധാനം നിശ്ചലമായിരിക്കുകയാണെന്ന് കെ സുധാകരന്‍ എം എല്‍ എ. കേരള രക്ഷാമാര്‍ച്ചിന് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

മുപ്പത്തിമൂന്ന്‌ മാസം കേരളം ഭരിച്ചിട്ടും ഒന്നും ചെയ്യാനായില്ലെന്ന് കുറ്റസമ്മതം നടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണ്‌ വി എസ്‌ അച്യുതാനന്ദന്‍. പട്ടി, പോഴന്‍, കൊഞ്ഞാണന്‍, കുരങ്ങന്‍, കള്ളന്‍ എന്നൊക്കെയാണ് ഐ എ എസ് ഉദ്യോഗസ്ഥരെ മന്ത്രിമാര്‍ വിളിക്കുന്നത്. ഈ മന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ കഴിയും. ‘പോടാ പുല്ലേ’ എന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ പോയി. ഭരിക്കാനുള്ള സംവിധാനം ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

കേന്ദ്രത്തിനുള്ള പദ്ധതി തുകകള്‍ ചെലവഴിക്കുന്നില്ല. മാധ്യമങ്ങള്‍ ഇത്രയും വിമര്‍ശിച്ച ഒരു സര്‍ക്കാര്‍ വേറെയില്ല. കോടതിയുടെ വിമര്‍ശനവും ഇത്രയധികം കേട്ട സര്‍ക്കാരിനെ വേറെ കാണാന്‍ കഴിയില്ല. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വായടപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്.

നവകേരളയാത്രയ്ക്ക്‌ ജനലക്ഷങ്ങള്‍ തടിച്ചുകൂടുന്നുവെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ഫൂലന്‍‌ദേവിയെക്കാണാനും ചമ്പല്‍ക്കൊള്ളക്കാരന്‍ വിജയ് ഠാക്കൂറിനെ കാണാനും പതിനായിരക്കണക്കിന് ആളുകള്‍ തളിച്ചു കൂടിയിരുന്നല്ലോ. പിണറായിയെ കാണാന്‍ ആളുകള്‍ കൂടിയില്ലെങ്കിലാണ് അത്ഭുതം - കെ സുധാകരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക