പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ വി‌എസും; കേരളത്തിന്റെ ഫിഡല്‍ കാസ്ട്രോയാണ് വി‌എസ് എന്ന് യെച്ചൂരി

വെള്ളി, 20 മെയ് 2016 (16:43 IST)
പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി സി പി എം സംസ്ഥാന സമിതി തെരഞ്ഞെടുത്തു. വാര്‍ത്താ സമ്മേളനത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രഖ്യാപനം നടത്തിയത്. യെച്ചൂരിക്കൊപ്പം വി എസ് അച്ചുതാനന്ദനും കൊടിയേരി ബാലകൃഷ്ണനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 
 
പ്രായാധിക്യം കണക്കിലെടുത്താണ് വി എസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്നും, വി എസ് കേരളത്തിന്റെ ഫിഡര്‍ കാസ്ട്രോ ആണെന്നും യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, വി എസിന് സര്‍ക്കാരില്‍ ഏത് സ്ഥാനമായിരിക്കും നല്‍കുക എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെന്നും നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള യോഗമാണ് ഇപ്പോള്‍ നടന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
 
തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് ഇടതുപക്ഷത്തിന് ചരിത്ര വിജയം നേടാന്‍ സഹായിച്ച പ്രവര്‍ത്തകരെയും നേതാക്കളെയും യെച്ചൂരി അഭിനന്ദിച്ചു. സംസ്ഥാന സമിതിയേയും യെച്ചൂരി പ്രത്യേകം അഭിനന്ദിച്ചു. അതേസമയം, സത്യപ്രതിജ്ഞാ തിയ്യതി സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു.
 
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനിക്കാനാണ് സാധ്യത.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക