അഞ്ച് പ്രദേശങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. തകഴി, ചമ്പക്കുളം, നെടുമുടി, പുറക്കാട്, മുല്ലയ്ക്കല്‍ പ്രദേശങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള താറാവുകളെയാണ് കൊന്നൊടുക്കുക. ഒരു ലക്ഷത്തില്‍പ്പരം താറാവുകളെ കൊന്നൊടുക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
പക്ഷിപ്പനി നേരിടുന്നതിനായി മൃഗാശുപത്രികളില്‍ ഉടന്‍ മരുന്നുകള്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പക്ഷിപ്പനി നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഏവിയന്‍ ഫ്ലൂവന്‍സ വൈറസാണ് രോഗ കാരണം.ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്.
ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. പ്രധാനമായും മുന്‍ കരുതല്‍ നടപടികളെടുക്കേണ്ടത് ഇവയുമായി അടുത്തിടപഴകുന്ന കര്‍ഷകരും കശാപ്പുകാരുമാണ്. രോഗബാധയില്‍ കുട്ടനാട്ടിലെ തലവടി, അമ്പലപ്പുഴ എന്നീ സ്ഥലങ്ങളില്‍ ചത്തത് 17000 ത്തോളം താറാവുകളാണ്. പക്ഷിപ്പനിയെ നേരിടുന്നതിനുള്ള വെറ്ററിനറി കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി.