നിയമസഭ തിരഞ്ഞെടുപ്പ്: സംവിധായകൻ അലിഅക്ബറും രാഹുൽ ഈശ്വറും ബി ജെ പി സ്ഥാനാര്‍ത്ഥികളാകും

വ്യാഴം, 24 മാര്‍ച്ച് 2016 (19:00 IST)
ബി ജെ പിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയിൽ ശബരിമല വലിയതന്ത്രിയുടെ ചെറുമകൻ രാഹുൽ ഈശ്വറും സംവിധായകൻ അലി അക്ബറും ഇടം‌പിടിച്ചു. അലിഅക്ബറിനെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും രാഹുൽ ഈശ്വറിനെ കാഞ്ഞിരപ്പള്ളിയിലും മത്സരിപ്പിക്കാനാണ് തീരുമാനം. അതേസമയം നടന്‍ സുരേഷ് ഗോപി മൽസരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക നാളെ ഡൽഹിയിൽ പ്രഖ്യാപിക്കും.
 
രാഹുൽ ഈശ്വറിനെ തിരുവനന്തപുരത്ത് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ കാഞ്ഞിരപ്പള്ളിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെ ധർമടത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അവസാനഘട്ട ചര്‍ച്ചയില്‍ ബേപ്പൂരില്‍ മാറ്റുകയായിരുന്നു. 
 
അതേസമയം, ക്രിക്കറ്റ് താരം ശ്രീശാന്ത് തൃപ്പൂണിത്തുറയിൽ തന്നെയാകും മത്സരിക്കുക. ഭീമൻ രഘു പത്തനാപുരം, തിരുവനന്തപുരം മുൻജില്ലാ പ്രസിഡന്റ് കരമന ജയൻ പാറശാല, സംവിധായകൻ രാജസേനൻ നെടുമങ്ങാട്ട്, ഒ ബി സി മോർച്ച സംസ്ഥാന അധ്യക്ഷൻ പുഞ്ചക്കരി സുരേന്ദ്രൻ നെയ്യാറ്റിൻകര എന്നിവരും രണ്ടാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടു.
 
അതേസമയം, രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനാണ് ബി ജെ പിയുടെ ശ്രമം. തിരുവനന്തപുരം മണ്ഡലത്തിന്റെ കാര്യം ഇന്നത്തെ ചര്‍ച്ചയിലും തീരുമാനമായില്ല. 

വെബ്ദുനിയ വായിക്കുക