തൃശൂർ പൂരം വെടിക്കെട്ടിന് ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി

വ്യാഴം, 14 ഏപ്രില്‍ 2016 (18:17 IST)
തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ടിന് ഹൈക്കോടതി ഉപാധികളോടെ ഇളവനുദിച്ചു. തൃശൂരിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് പൂരമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഉപാധികളോടെ ഇളവനുവദിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. എന്നാല്‍ വെടിക്കെട്ടിന് നിരോധിത വെടിമരുന്നുകൾ അനുവദിക്കില്ല. ശബ്ദമലിനീകരണത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 2007ൽ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികൾ അനുസരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 
 
അതേസമയം, പൂരത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നിയമമനിസരിച്ചാണെന്നും നിയമത്തിലില്ലാത്തതൊന്നും ഏർപെടുത്തിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വെടിക്കെട്ട് നിരോധിക്കണമെന്ന പൊതു താൽപര്യ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.
 
പൂരം വെടിക്കെട്ടിന് സുപ്രീം കോടതിയിൽ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്നും പാറമേക്കാവ് ദേവസ്വം കോടതിയിൽ അറിയിച്ചു. സുരക്ഷ ഉറപ്പാക്കി ഇളവ് അനുവദിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു.
വെടിക്കെട്ട് നടത്തുന്നതിന് അനുകൂലമായ നിലപാടാണ് സര്‍ക്കാരും കോടതിയില്‍ എടുത്തത്. സുരക്ഷ നടപടികള്‍ ശക്തമാക്കുമെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതി നൽകാൻ ഹൈക്കോടതി തീരുമാനിച്ചത്.
 
അതേസമയം, വെടിക്കെട്ടിന് അനുമതി നല്‍കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പാറമേക്കാവ്, തുരുവമ്പാടി ദേവസ്യം ബോര്‍ഡ് ഭാരവാഹികള്‍ പ്രതികരിച്ചു. അനുമതി ലഭിച്ച പാശ്ചാത്തലത്തില്‍ സാമ്പിള്‍ വെടിക്കെട്ട് നാളെ നടക്കും.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക