ജിഷയുടെ കൊലപാതകം: പ്രധാനമന്ത്രിയുടേത് വില കുറഞ്ഞ രാഷ്ട്രീയ തന്ത്രം: രമേശ് ചെന്നിത്തല
വെള്ളി, 6 മെയ് 2016 (18:28 IST)
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുടേത് വില കുറഞ്ഞ രാഷട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രിയെ പോലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ആള്‍ ഇത്തരം നിലവാരമില്ലാത്ത പ്രസ്താവന നടത്തരുതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അന്വേഷണത്തില്‍ ഇടപെടാന്‍ പറ്റില്ലെന്ന ഹൈക്കോടതിയുടെ നിലപാട് കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നത് വ്യക്തമാക്കുന്നു. ഇത്തരം വസ്തുതകള്‍ മറച്ചുവച്ച് തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ രമേശ് ചെന്നിത്തല പറഞ്ഞു.
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ ദാരുണമായ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വില കുറഞ്ഞ രാഷട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രിയെ പോലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ആള്‍ ഇത്തരം നിലവാരമില്ലാത്ത പ്രസ്താവന നടത്തരുതായിരുന്നു. അന്വേഷണത്തില്‍ ഇടപെടില്ലന്ന ഹൈക്കോടതിയുടെ നിലപാട് കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നത് വ്യക്തമാക്കുന്നു. ഇതെല്ലാം മറച്ചുവച്ച് കൊണ്ട് തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമായി പോയി.
സിപിഎമ്മും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് നാല് വോട്ടുതട്ടാനാവുമോ എന്നാണ് സിപിഎം നോക്കുന്നത്. ജിഷയുടെ അമ്മ സാജു പോള്‍ എംഎല്‍എയുടെ നിസഹകരണത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഇക്കാര്യത്തിലൊന്നും യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാത്തത് സംഭവത്തിന്റെ ഗൗരവം മനസിലാക്കിയാണ്.
പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയോ അലംഭാവമോ ഇല്ല. മികച്ച പോലീസ് ഉദ്യേഗസ്ഥരടങ്ങിയ ടീമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് മാത്രം വിചാരിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ തടയാനാകില്ല. പൊതുസമൂഹവും, രാഷ്ട്രീയ നേതൃത്വവും ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നടന്ന പ്രമാദമായ കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ എല്ലാ കേസുകളിലും അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നിയമം അനുശാസിക്കുന്ന മാതൃകാപരമായ ശിക്ഷ അവര്‍ക്ക് നേടിക്കൊടുക്കാനും ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും കഴിഞ്ഞിട്ടുണ്ട് . ഈ കേസിലും അത് തന്നെ സംഭവിക്കും. എന്നാല്‍ ഒരു പാവം പെണ്‍കുട്ടിയുടെ മൃഗീയമായ കൊലപാതകത്തെ കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന സിപിഎമ്മിന്റെയും- ബിജെപിയുടെയും മനുഷ്യത്വരഹിതമായ രാഷ്ട്രീയ തന്ത്രം കേരളീയ സമൂഹം തിരിച്ചറിയും.