ഗുരുജി സ്മൃതിമന്ദിരവും ചിലമ്പൊലി തിയേറ്ററും നിര്‍മ്മിക്കുന്നു

ശനി, 7 ജൂണ്‍ 2008 (14:19 IST)
നാട്യാചാര്യന്‍ ഗുരുഗോപിനാഥിന്‍റെ നൂറാം പിറന്നാളിനോട് അനുബന്ധിച്ച് വട്ടിയൂര്‍ക്കാവിലെ ഗുരുഗോപിനാഥ് നടനഗ്രാമം ചിലമ്പൊലി ഓപ്പണ്‍ എയര്‍ തിയേറ്ററും ഗുരുജി സ്മൃതിമന്ദിരവും നിര്‍മ്മിക്കുന്നു.

ഗുരുഗോപിനാഥ് സ്ഥാപിച്ച വിശ്വകലാകെന്ദ്രം നല്‍കിയ രണ്ട് ഏക്കര്‍ ഭൂമിയിലാണ് നടനഗ്രാമം പ്രവര്‍ത്തിക്കുന്നത്. ഇതിന്‍റെ വടക്ക് പടിഞ്ഞാറെ മൂലയില്‍ റോഡിനോട് ചേര്‍ന്നാണ് ചിലമ്പൊലി ഓപ്പണ്‍ എയര്‍ തിയേറ്റര്‍ സ്ഥാപിക്കുന്നത്. കോസ്റ്റ് ഫോര്‍ഡാണ് നിര്‍മ്മാണ ചുമതല നിര്‍വ്വഹിക്കുന്നത്.

നിശാഗന്ധി ഓഡിറ്റോറിയത്തിനു സമാനമായ എന്നാല്‍ വലിപ്പത്തില്‍ ചെറുതായ ഈ തുറന്ന വേദിയില്‍ ഇരു വശങ്ങളിലും ചമയത്തിനും ഒരുക്കങ്ങള്‍ക്കുമുള്ള പ്രത്യേക മുറികളും ശൌചാലയങ്ങളും ഉണ്ടായിരിക്കും. ഏതാണ്ട് 500 പേര്‍ക്ക് ഇരുന്നുകാണാനുള്ള ഗ്യാലറി സൌകര്യമാണ് ഒരുക്കുന്നത്.

ചിലമ്പൊലി ഹാള്‍ എന്ന പേരില്‍ ഗുരുജി നിര്‍മ്മിച്ച മന്ദിരം പുനരുജ്ജീവിപ്പിച്ച് ഗുരുജി സ്മൃതിമണ്ഡപമായി മാറ്റും. അതോടൊപ്പം തന്നെ നൃത്തപഠന ഗവേഷണ കേന്ദ്രത്തിനും നടന ഗ്രാമത്തിന് പരിപാടിയുണ്ട്. ഇവ മൂന്നിന്‍റെയും ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി ശനിയാഴ്ച രാവിലെ നിര്‍വ്വഹിച്ചു.


ഒരേപോലെ മികച്ച നര്‍ത്തകനും മികച്ച ഗുരുവുമായിരുന്നു ഗുരു ഗോപിനാഥ് എന്ന് അദ്ദേഹം അനുസ്മരിച്ചു. ശതാബ്ദി വര്‍ഷം ജൂണ്‍ 24 ന് തീരുകയാണെങ്കിലും ഗുരുഗോപിനാഥ് നടന ഗ്രാമത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടരും എന്ന് അദ്ദേഹം പറഞ്ഞു.

നടനഗ്രാമം വൈസ് ചെയര്‍മാന്‍ കെ.സി.വിക്രമന്‍, സെക്രട്ടറി സുദര്‍ശനന്‍ കുന്നത്തുകാല്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രസന്ന കുമാര്‍, നഗരസഭാ കൌണ്‍സിലര്‍ എസ്.ബിനു, വട്ടിയൂര്‍ക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.പഴനിയാപിള്ള, കോസ്റ്റ്ഫോര്‍ഡിന്‍റെ ജോയിന്‍റ് ഡയറക്‍ടര്‍ സാജന്‍, നടനഗ്രാമം എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗം സോളമന്‍ എന്നിവര്‍ പങ്കെടുത്തു.

ഗുരുജിയുടെ നൂറാം പിറന്നാള്‍ ദിനമായ ജൂണ്‍ 24 ന് നടനഗ്രാമത്തില്‍ സ്മൃതിമന്ദിരത്തിനു മുമ്പിലായി അദ്ദേഹത്തിന്‍റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കും. പ്രമുഖ ശില്‍പ്പി സിദ്ധനാണ് പ്രതിമ നിര്‍മ്മിക്കുന്നത്.
ഗുരുജിയുടെ ആത്മകഥയുടെ പുന:പ്രകാശനം ഇതേ ദിവസം തിരുവനന്തപുരത്ത് നടക്കും.

ഗുരുജി ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഓഗസ്റ്റില്‍ വിപുലമായ പരിപാടികളോടെ തിരുവനന്തപുരത്ത് നടത്താനാണ് നടനഗ്രാമം ഉദ്ദേശിക്കുന്നത്.

വെബ്ദുനിയ വായിക്കുക