കുട്ടിത്തം മാറും മുന്‍പ് കെട്ടിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട! ഇത് കളിയല്ല, ജീവിതമാണ്

ബുധന്‍, 7 ജൂണ്‍ 2017 (09:11 IST)
പെണ്‍കുട്ടികളെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിപ്പിക്കുന്ന രീതികൾക്കെതിരെ പെൺകുട്ടികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. എന്നാല്‍ ഈ വർഷം ഏപ്രിൽ അവസാനം വരെ കാളികാവ് ബ്ലോക്കിൽ മാത്രം തടഞ്ഞത് 30 ബാല വിവാഹങ്ങളാണ്. 26 വിവാഹങ്ങൾ കോടതി ഇടപെട്ടും നാലുപേരുടേത് ബാലവിവാഹ നിരോധന ഓഫീസറുമാണ് തടഞ്ഞത്.
 
അതില്‍ പലതും നിശ്ചയിക്കുന്ന വേളയിൽ തന്നെ അധികൃതര്‍ തടയുകയും ചെയ്തിരുന്നു. കാളികാവ് മേഖലയിൽ കുട്ടിക്കല്യാണത്തിനെതിരെ പെൺകുട്ടികൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പല വിവാഹങ്ങളും പെൺകുട്ടികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടത്തുന്നത്. കാളികാവ് മേഖലയിൽ കരുവാരക്കുണ്ടിലാണ് ഏറ്റവുമധികം കുട്ടിക്കല്യാണം തടഞ്ഞിരിക്കുന്നത്. 
 
അതേസമയം കല്യാണം തടയുന്നവർക്ക് ഭീഷണിയും നേരിടേണ്ടി വരുന്നുണ്ട്. അംഗൻവാടി ജീവനക്കാർക്കാണ് പെൺകുട്ടികളുടെ സംരക്ഷണ ചുമതല. അതിനാൽ ഭീഷണി നേരിടേണ്ടി വരുന്നതും ഇവർക്ക് തന്നെയാണ്. കുട്ടിക്കല്യാണത്തിനെതിരെ പെൺകുട്ടികളെ അണിനിരത്താനുള്ള ശിശു സംരക്ഷണ സമിതിയുടെ ശ്രമം ഇതിനോടകം തന്നെ വിജയം കണ്ടിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക