കലാഭവന്‍ മണിയുടെ രാസപരിശോധനാ ഫലം പുറത്ത്; കീടനാശിനി, മെഥനോള്‍, എഥനോള്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി - ഞെട്ടലോടെ കേരളം

വെള്ളി, 18 മാര്‍ച്ച് 2016 (11:06 IST)
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. മണിയുടെ രാസപരിശോധനാഫലം പുറത്തുവന്നു. കീടനാശിനിയുടെ സാന്നിധ്യം മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. ഒപ്പം മെഥനോളിന്‍റെയും എഥനോളിന്‍റെയും അംശം കണ്ടെത്തിയിട്ടുണ്ട്.
 
ക്ലോര്‍പിറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കാര്‍ഷികവൃത്തിക്കായി ഉപയോഗിക്കുന്ന കീടനാശിനിയാണിത്.
 
മണിയുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരാണ് ഈ മരണത്തിന് ഉത്തരവാദികളെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒപ്പം നിന്ന കൂട്ടുകാര്‍ക്ക് എല്ലാ സഹായവും ചെയ്ത കൂട്ടുകാര്‍ എന്തിന് ഇങ്ങനെയൊക്കെ ചെയ്തു എന്ന് അറിയില്ല എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
 
മെഥനോളും കീടനാശിനിയും കലര്‍ന്ന മദ്യമാണ് മണി കഴിച്ചതെങ്കില്‍ കൂടെ മദ്യപിച്ചവര്‍ക്കും അസ്വസ്ഥതയുണ്ടാകേണ്ടതല്ലേ എന്ന ചോദ്യമാണ് സംശയമുണര്‍ത്തുന്നത്. കീടനാശിനി കലര്‍ന്ന മദ്യം മണി മാത്രമാണ് കഴിച്ചതെങ്കില്‍ അതെങ്ങനെ എന്നത് വലിയ ചോദ്യമാണ്.
 
ആരെങ്കിലും മണിക്ക് വിഷമദ്യം ഒഴിച്ചുകൊടുത്തതാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. എന്തായാലും മലയാളത്തിന്‍റെ പ്രിയപ്പെട്ട നടന്‍റെ മരണത്തേക്കുറിച്ച് ഞെട്ടലുളവാക്കുന്ന വാര്‍ത്തകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക