കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു കൊന്നു

വ്യാഴം, 16 ഏപ്രില്‍ 2015 (08:06 IST)
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ സി പി എം പ്രവര്‍ത്തകനെ ബോംബ് എറിഞ്ഞു കൊന്നു. സംഭവത്തില്‍ ആറ് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ യു എ പി എ ചുമത്തി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി താലൂക്കില്‍ സി പി എം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം നല്കിയിരിക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
 
വടക്കേപൊയിലൂര്‍ പാറയുള്ള പറമ്പത്ത് വള്ളിച്ചാലില്‍ വിനോദന്‍ (36) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ആറോളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കുമേല്‍ യു എ പി എ ചുമത്തും. 
 
കഴിഞ്ഞ കുറച്ചുദിവസമായി മേഖലയില്‍ സി പി എം - ബി ജെ പി സംഘര്‍ഷം ഉണ്ടായിരുന്നെന്നും ഇതിന്റെ തുടര്‍ച്ചയാണ് ബോംബേറില്‍ അവസാനിച്ചതെന്നുമാണ് പൊലീസ് നല്കുന്ന വിവരം.
 
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ ഒരു കമ്പനി സേനയെ പ്രദേശത്ത് വിന്യസിച്ചു. അതേസമയം, കൊലപാതകത്തിന് പിന്നില്‍ ബി ജെ പി - ആര്‍ എസ്‌ എസ് നേതൃത്വമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക