ഇടതുമുന്നണി ഹര്‍ത്താല്‍ പൂര്‍ണം

ശനി, 14 മാര്‍ച്ച് 2015 (15:40 IST)
സംസ്ഥാനത്ത് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. വെള്ളിയാഴ്ച സഭയ്ക്ക് അകത്തും പുറത്തും നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഇടതുമുന്നണി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്കിയത്. പൊതുവേ സമാധാനപരമാണ് ഹര്‍ത്താല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മിക്കയിടങ്ങളിലും സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്. എന്നാല്‍, കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുന്നില്ല. ചിലയിടങ്ങളില്‍ ഉണ്ടായ ചെറിയ അക്രമസംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പൊതുവെ സമാധാനപരമാണ് ഹര്‍ത്താല്‍.
 
പാലക്കാട് ഡി സി സി ഓഫീസ് ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. ആക്രമണത്തില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കോഴിക്കോട് ചേവായൂരില്‍ ലോറിക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.
 
കോട്ടയം ജില്ലയിലെ മണര്‍കാട് വിജയപുരം സര്‍വീസ് സഹകണ ബാങ്കിനു നേരെയും നഗരത്തിലെ എ ടി എമ്മിനു നേരെയും കല്ലേറുണ്ടായി. കാസര്‍ക്കോട്ടുനിന്നുള്ള എല്ലാ അന്തര്‍സംസ്ഥാന സര്‍വീസുകളും റദ്ദാക്കി. ഹര്‍ത്താല്‍ ടൂറിസം മേഖലയ്ക്ക് കോടികളുടെ നഷ്‌ടം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക